അഞ്ചുമന ദേവീക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം

Monday 15 December 2025 1:26 AM IST

കൊച്ചി: ഇടപ്പിള്ളി അഞ്ചുമന ദേവീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം 23 മുതൽ 27വരെ വിവിധ പരിപാടികളോടെ നടക്കും. 22ന് രാവിലെ 6 മുതൽ 23ന് രാവിലെ 6വരെയുള്ള അഖണ്ഡനാമജപത്തോടെ താലപ്പൊലി ഉത്സവ ചടങ്ങുകൾ ആരംഭിക്കും 23ന് വൈകിട്ട് 7.30ന് തന്ത്രി പുരിയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറും. 25ന് അന്നപൂർണേശ്വരി ദേവിയുടേയും 26ന് ഭദ്രകാളി ദേവിയുടേയും താലപ്പൊലി, 27ന് ഭുവനേശ്വരി ദേവിയുടെ താലപ്പൊലി ദിനത്തിൽ വൈകിട്ട് 4ന് പാടിവട്ടം പൊക്കാളം ശ്രീശിവപാർവതി ക്ഷേത്രത്തിൽ നിന്ന് പകൽപ്പൂരം എഴുന്നള്ളിപ്പ് എന്നിവ നടക്കും. പഴുവിൽ രഘുമാരാരുടെ പ്രാമാണ്യത്തിൽ പാണ്ടിമേളവും കൊട്ടാരം സജിത്തിന്റെ പ്രാമാണ്യത്തിൽ പഞ്ചവാദ്യവും ആർ.എൽ.വി പ്രവീണിന്റെ നാദസ്വരവും പകൽപ്പൂരത്തിന് അകമ്പടിയാകും.

താലപ്പൊലി ദിവസങ്ങളിൽ രാത്രി 12ന് ഭഗവതിപ്പാട്ട്, നാഗസങ്കേതത്തിൽ കളമെഴുത്ത് പാട്ട്, പുലർച്ചെ 2ന് മണ്ഡപത്തിൽ പൂജ എന്നിവയുമുണ്ടാകും. എല്ലാദിവസവും കലാപരിപാടികളും അരങ്ങേറും. താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി 17ന് വിവിധ പ്രദേശങ്ങളിലേക്ക് പറയെഴുന്നള്ളിപ്പ് പുറപ്പെട്ട് 20ന് രാത്രിയിൽ ക്ഷേത്രത്തിൽ തിരിച്ചെത്തുമെന്ന് കൺവീനർ എം.എൻ. സതീഷ്, ജനറൽ സെക്രട്ടറി വി.എസ്. സുകുമാരൻ എന്നിവർ അറിയിച്ചു.