തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: കാസർകോട്ട് രണ്ടു മണ്ഡലങ്ങളിൽ ഇടതിന് വെല്ലുവിളിയാകും  

Monday 15 December 2025 12:22 AM IST
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം:

കാസർകോട്: സെമി ഫൈനലായി കണക്കാക്കിയിരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഉണ്ടായ തോൽവി പരിഹരിക്കാൻ തിരുത്തൽ നടപടി ഉണ്ടായില്ലെങ്കിൽ ഫൈനൽ മത്സരമായി കരുതുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് കടുത്ത വെല്ലുവിളിയാകും. ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്താൻ സാധിച്ചെങ്കിലും ഗ്രാമ പഞ്ചായത്തുകളിൽ നേരിട്ട കനത്ത പരാജയം ജില്ലയിലെ തൃക്കരിപ്പൂർ, ഉദുമ മണ്ഡലങ്ങളിലെ വിജയത്തിനാണ് തിരിച്ചടിയാവുക.

പരമ്പരാഗതമായി സി.പി.എമ്മിന്റെ കുത്തകയായ കോട്ടകളാണ് ഉദുമയും തൃക്കരിപ്പൂരും. ഈ മണ്ഡലങ്ങളിലെ പ്രധാന ഗ്രാമ പഞ്ചായത്തുകളിലെ ഭരണമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കൈവിട്ടുപോയത്. ജനകീയ പിന്തുണ ഉറപ്പിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താൻ ഈ മണ്ഡലങ്ങളിൽ നേടിയ മേൽക്കൈ ആവർത്തിക്കുന്ന സ്ഥിതിയുണ്ടാകും. അങ്ങനെ വന്നാൽ എൽ.ഡി.എഫിന് രണ്ടിടത്തും വിജയം ആവർത്തിക്കാൻ സാധിക്കാതെ വരും. രണ്ടിടത്തും പരമ്പരാഗതമായി ഇടതിന്റെ കൂടെ നിൽക്കുന്ന ഗ്രാമ പഞ്ചായത്തുകളിൽ മാത്രമാണ് ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞത്. കൈയിൽ ഉണ്ടായിരുന്നത് നഷ്ടപ്പെടുകയും ചെയ്തു. പുതിയതായി ഒരു ഗ്രാമ പഞ്ചായത്തിലേക്കും കടന്നുചെല്ലാനും കഴിഞ്ഞില്ല.

ഭരണത്തിൽ ഉണ്ടായിരുന്ന വലിയപറമ്പ നഷ്ടമായി. പടന്നയും വെസ്റ്റ് എളേരിയും പിടിച്ചെങ്കിലും വെസ്റ്റ് എളേരിയിൽ ഒരു സീറ്റിന്റെ മേൽക്കൈ മാത്രമാണുള്ളത്. മുമ്പ് ഭരണത്തിൽ ഉണ്ടായിരുന്ന ഈസ്റ്റ് എളേരി പൂർണ്ണമായും കൈവിട്ടുപോകുന്ന സ്ഥിതിയുമുണ്ടായി. ചെറുവത്തൂർ, പിലിക്കോട്, കയ്യൂർ ചീമേനി പഞ്ചായത്തുകൾ മാത്രമാണ് ഉറച്ച കോട്ടയെന്ന് പറയാനുള്ളത്. ചെറുവത്തൂരും പിലിക്കോടും ഓരോ സീറ്റുകൾ തിരിച്ചുപിടിച്ചപ്പോൾ കയ്യൂർ-ചീമേനിയിൽ ഒരു സീറ്റ് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി.

തൃക്കരിപ്പൂർ മണ്ഡലത്തിൽ നീലേശ്വരം നഗരസഭയിലെ വിജയം മാത്രമാണ് എടുത്തുപറയാനുള്ള നേട്ടമായുള്ളത്. എല്ലായിടത്തും വോട്ടുകളുടെ എണ്ണത്തിൽ ഉണ്ടായ കുറവ് ഗൗരവതാരമാണ്. പിലിക്കോട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച കരിമ്പിൽ കൃഷ്ണൻ പിടിച്ച വർദ്ധിച്ച വോട്ടുകൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ്.

ഉദുമ നിയമസഭാ മണ്ഡലത്തിൽ സ്ഥിതി തൃക്കരിപ്പൂരിനെക്കാൾ ദയനീയമാണ്. ദേലമ്പാടിയും ഉദുമയും മുളിയാറും ഭരണം നഷ്ടപ്പെട്ടത് നിയമസഭയിലേക്ക് പോരിന് ഇറങ്ങുമ്പോൾ കടുത്ത ഭീഷണിയാണ്. ശക്തമായ അടിത്തറയുള്ള പള്ളിക്കരയിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിന് മാത്രമാണ് അധികാരം നിലനിർത്താൻ കഴിഞ്ഞത്.