ശിവഗിരി ഒരുങ്ങി: തീർത്ഥാടനകാലം ഇന്നുമുതൽ

Monday 15 December 2025 12:52 AM IST

ശിവഗിരി : 93-ാമത് ശിവഗിരി തീർത്ഥാടന കാലത്തിന് ഇന്ന് തുടക്കമാകും. രാവിലെ 5 മുതൽ തിരുഅവതാര മുഹൂർത്ത പ്രാർത്ഥന മഹാസമാധി സന്നിധിയിൽ നടക്കും. 10 ന് ഗുരുപൂജ ഹാളിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി പരാനന്ദ ഭദ്രദീപം തെളിക്കും. തുടർന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി തീർത്ഥാടനകാല ഉദ്ഘാടനം നിർവഹിക്കും. ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രസ്റ്റ് ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, ധർമ്മസംഘം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും. ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ. ബാബു മുഖ്യാതിഥി ആയിരിക്കും. അടൂർ പ്രകാശ് എം.പി, അഡ്വ.വി.ജോയി എം.എൽ.എ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് ജയപ്രകാശ് കല്ലമ്പലം, സെകട്ടറി അജി എസ്.ആർ.എം, മുൻ എം.എൽ.എ വർക്കല കഹാർ, കെ.എം. ലാജി എന്നിവർ പ്രസംഗിക്കും. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതവും തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി നന്ദിയും പറയും. ജീവകാരുണ്യ പ്രവർത്തകരായ അരവിന്ദ് എസ്. കുമാർ, മധുസൂദനൻ ജി .മധുമന്ദിരം, ഹരിഹരൻ എന്നിവരെ സമ്മേളനത്തിൽ ആദരിക്കും. 29 വരെ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും സെമിനാറുകളും തുടരും. 30,31, 2026 ജനുവരി 1 ദിവസങ്ങളിലാണ് മഹാതീർത്ഥാടനം.