മാത്യു കുഴൽനാടന്റെ മധുരപ്രതി​കാരം, കുഴലപ്പം വി​തരണം ചെയ്ത് വിജയമാഘോഷിച്ചു

Monday 15 December 2025 12:00 AM IST

മൂവാറ്റുപുഴ: മൂവാറ്റുപുഴയി​ൽ യു.ഡി​.എഫ് വി​ജയാഹ്ളാദത്തി​നി​ടെ നാട്ടുകാർക്ക് കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ എം.എൽ.എയുടെ 'മധുരപ്രതി​കാരം". മാസപ്പടി​ക്കേസി​ൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർത്തിയതി​നെതിരെ സി.പി.എം പ്രവർത്തകർ കുഴലപ്പം വിതരണം ചെയ്തിരുന്നു. അഞ്ഞൂറോളം കുഴലപ്പമാണ് എം.എൽ.എയും പ്രവർത്തകരും ചേർന്ന് വോട്ടെണ്ണൽ ദി​നത്തി​ൽ നാട്ടുകാർക്ക് വിതരണം ചെയ്തത്. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിൽ കുഴലപ്പം വിതരണം ചെയ്യുമെന്നും രാഷ്ട്രീയഭേദമെന്യേ എല്ലാവരും ഇത് കഴിക്കണമെന്നും എം.എൽ.എ ഫേസ്ബുക്കി​ൽ നേരത്തെ കുറിപ്പിട്ടിരുന്നു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളും മൂവാറ്റുപുഴ നഗരസഭയും യു.ഡി.എഫ് നേടി​. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ പ്രതിപക്ഷത്തിന് ഒരു സീറ്റുപോലും ഇല്ല. നിയോജക മണ്ഡലത്തിന്റെ ഭാഗമായ മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും യു.ഡി.എഫാണ് വിജയിച്ചത്.

സി.പി.എം നേതാക്കളുടെ ഇഷ്ടപലഹാരമായതിനാലും മൂവാറ്റുപുഴയി​ൽ ഹി​റ്റായതി​നാലും തമാശയ്‌ക്ക് ചെയ്തെന്നേയുള്ളൂ. മൂവാറ്റുപുഴയുടെ ദേശീയ പലഹാരമായി കുഴലപ്പം മാറട്ടെ.

-മാത്യു കുഴൽനാടൻ

എം.എൽ.എ