ശബരിമല സ്വർണക്കൊള്ളയിൽ അന്താരാഷ്ട്ര മാഫിയ ബന്ധം , എസ്.ഐ.ടിക്ക് മൊഴി നൽകി ചെന്നിത്തല

Monday 15 December 2025 12:00 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്താരാഷ്ട്ര മാഫിയ ബന്ധം ആരോപിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഈഞ്ചയ്ക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് മൊഴി നൽകിയത്. നേരത്തെ ഇതുസംബന്ധിച്ച വിവരങ്ങൾ ചൂണ്ടിക്കാട്ടി എസ്‌.ഐ.ടി മേധാവി എച്ച്. വെങ്കിടേഷിന്

ചെന്നിത്തല കത്ത് നൽകിയിരുന്നു.

ശബരിമല സ്വർണക്കൊള്ളയ്ക്ക് അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്തുകാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരമാണ് താൻ എസ്.ഐ.ടിക്ക് നൽകിയതെന്ന് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊതുപ്രവർത്തകനെന്ന നിലയിൽ എനിക്കു ലഭിച്ച വിവരങ്ങളാണ് കൈമാറിയത്. തെളിവുകളല്ല. മുൻ ആഭ്യന്തരമന്ത്രി എന്ന നിലയിലും എന്റെ ഉത്തരവാദിത്വമാണിത്.

ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ച് വസ്തുതകൾ കണ്ടെത്തേണ്ട ഉത്തരവാദിത്വം എസ്.ഐ.ടിക്കാണ്. എനിക്കു വിവരങ്ങൾ നൽകിയ വ്യവസായിയെ വിളിച്ചു വരുത്തണോ എന്നത് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിക്കണം. കത്ത് നൽകിയതിന് പിന്നാലെ അന്വേഷണസംഘം എന്നെ വന്നുകാണാമെന്ന് പറഞ്ഞു. എന്നാൽ, നേരിട്ടെത്തി മൊഴി നൽകാമെന്ന് പറഞ്ഞത് ഞാനാണ്. ലഭിച്ച വിവരങ്ങളെല്ലാം പരസ്യമായി വെളിപ്പെടുത്തിയാൽ അത് അന്വേഷണത്തെ സാരമായി ബാധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.