ഗുരു ലോകത്തെ ബോദ്ധ്യപ്പെടുത്തിയത് മാനവിക മൂല്യങ്ങളുടെ സത്ത
തിരുവനന്തപുരം: അപരസ്നേഹം, സാഹോദര്യം, അനുകമ്പ തുടങ്ങിയ മാനവിക മൂല്യങ്ങളുടെ സത്തയും സാരവും ലോകത്തെ ബോദ്ധ്യപ്പെടുത്തിയത് ശ്രീനാരായണഗുരുദേവനാണെന്ന് കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് പറഞ്ഞു. ജാതിമത ഭേദങ്ങൾക്കപ്പുറം മനുഷ്യനും മാനവികതയും എന്താണെന്നാണ് ശ്രീനാരായണഗുരു നമ്മെ പഠിപ്പിച്ചത്. ഗുരുവിന്റെ സന്ദേശങ്ങളും ദർശനങ്ങളും പരിചയപ്പെടുത്തുന്നതിൽ നൂറ്റാണ്ടു മുഴുവൻ കേരളകൗമുദി മുന്നിൽ നിന്നിട്ടുണ്ട്. ഗുരുവിന്റെ ദർശനങ്ങളോട് പൂർണ്ണമായും നീതി പുലർത്തി പ്രവർത്തിക്കുന്നതാണ് കേരളകൗമുദിയുടെ പാരമ്പര്യം. കേരളം നടന്നുമുന്നേറിയ എല്ലാ വഴികളിലും കേരളകൗമുദിയുടെ സാന്നിദ്ധ്യം നമുക്ക് കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി എന്നും
ഗുരുദർശനത്തിനൊപ്പം
കേരളത്തിന്റെ നിലാവെന്ന നാമകരണം കേരളകൗമുദിക്ക് നൽകിയത്
ശ്രീനാരായണഗുരുദേവനാണെന്നും തുടക്കം മുതൽ ഇന്നോളം ഗുരുദർശനം മുറുകെ പിടിച്ചാണ് കേരളകൗമുദി മുന്നോട്ടുപോകുന്നതെന്നും കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ പറഞ്ഞു. കേരള സംസ്ഥാനം പിറവിയെടുക്കുന്നതിന് 45 വർഷം മുൻപാണ് ഗുരുദേവൻ കേരളകൗമുദി എന്ന് പേരുവിളിച്ചത്. തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വേറിട്ടുകിടന്ന നാട്ടുരാജ്യങ്ങൾ ഒന്നാകുമെന്ന ദീർഘദർശനമാണ് ഈ നാമകരണത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ലോകമാകെ പ്രസരിക്കുന്നത്
ഗുരു കാരുണ്യം :
ശ്രീനാരായണഗുരുവെന്ന മഹാമേരുവിൽ നിന്നും ഒഴുകിയിറങ്ങുന്ന മാനവികതയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നദികളാണ് ലോകമാകെ ഒഴുകുന്നതെന്ന് കേരളകൗമുദി സ്‌പെഷ്യൽ പ്രോജക്ട്സ് എഡിറ്റർ മഞ്ചു വെള്ളായണി പറഞ്ഞു. ശിവഗിരിയിൽ നിന്നും ഉയർന്നു കേൾക്കുന്നത് മാനവികതയുടെ മന്ത്രമാണ്. ശ്രീനാരായണഗുരുവിന്റെ ചൈതന്യം നിറഞ്ഞുനിൽക്കുന്ന കേരളകൗമുദിയും മറ്റൊരു മേരുവാണ്. അവശരുടേയും പാർശ്വവത്ക്കരിക്കപ്പെടുന്നവരുടെയും പിന്നിലാക്കപ്പെട്ടവരുടെയും മോചനത്തിനും സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള നദികളാണ് ഒഴുകിയിറങ്ങുന്നത്. ഈ പരിണാമ തീർത്ഥം തടസമില്ലാതെ ഒഴുകേണ്ടതാണ്.അതിന്റെ തുടക്കമായാണ് ഈ സമ്മേളനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.