റബർ ,കുരുമുളക് വിപണിയിൽ തകർച്ച

Sunday 14 December 2025 11:08 PM IST

കോട്ടയം: അന്താരാഷ്ട്ര വില ഇടിഞ്ഞതോടെ ടയർ കമ്പനികൾ വിപണിയിൽ നിന്ന് മാറിനിന്ന് റബറിന് വിൽപ്പന സമ്മർദ്ദം സൃഷ്‌‌ടിച്ചു. ഇതോടൊപ്പം ഇറക്കുമതി ആവശ്യവും ശക്തമാണ്. കഴിഞ്ഞ വാരം ഷീറ്റ് വിലയിൽ കിലോക്ക് രണ്ട് രൂപ കുറഞ്ഞു. ആർ.എസ്എസ് ഫോർ വ്യാപാരി വില 176 രൂപലേക്ക് താഴ്ന്നു.

ക്രിസ്‌മസിന് മുന്നോടിയായി സ്റ്റോക്കുള്ള റബർ ചെറുകിട ഉത്പാദകർ വിപണിയിലെത്തിച്ചാൽ വില ഇനിയും ഇടിയും. ടയർ കമ്പനികൾ അവസരം കാത്തിരിക്കുകയാണ്.

അന്താരാഷ്ട്ര വില (കിലോക്ക്)

ചൈന - 192 രൂപ

ടോക്കിയോ - 186 രൂപ

ബാങ്കോക്ക് - 189 രൂപ

###########

ക്രിസ്‌മസ് വിൽപ്പന പ്രതീക്ഷിച്ച് കുരുമുളക്

ക്രിസ്മസ് കാലത്തെ ഡിമാൻഡ് ഉയരുമെന്ന പ്രതീക്ഷയിലാണ് കുരുമുളക് കർഷകർ. അതേസമയം വില കുറയുമ്പോൾ സ്റ്റോക്ക് കൂട്ടാൻ കാത്തിരിക്കുകയാണ് ഉത്തരേന്ത്യൻ വ്യാപാരികൾ. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വില കുറഞ്ഞ കുരുമുളക് ശീതകാലത്ത് ഉത്തരേന്ത്യൻ വിപണികളിൽ എത്തിക്കാനാണ് വ്യാപാരികളുടെ ശ്രമം. കാലാവസ്ഥാ വ്യതിയാനം കാരണം മൂപ്പെത്തുംമുമ്പേ കുരുമുളക് മണികൾ കൊഴിഞ്ഞു വീഴുന്നതിനാൽ ഉത്പാദനം കുറഞ്ഞേക്കും.

ഇന്ത്യയിൽ കുരുമുളകിന്റെ ആഭ്യന്തര ഉപയോഗം പ്രതിമാസം 10000 ടണ്ണാണ്. ഉത്പാദനം ഇതിന്റെ പകുതി പോലുമില്ല. ഈ അവസ്ഥയിൽ കുരുമുളക് ഇറക്കുമതിക്കായി മുറവിളി ശക്തമാണ്.

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതിക്കാർ വിപണിയിൽ നിന്നു വിട്ടു നിൽക്കുന്നു

#കയറ്റുമതി നിരക്ക് (ടണ്ണിന് )

ഇന്ത്യ- 8050 ഡോളർ

ശ്രീലങ്ക- 7300 ഡോളർ

വിയറ്റ്നാം- 6900 ഡോളർ

ബ്രസീൽ- 6500 ഡോളർ