വായ്പ, നിക്ഷേപ പലിശ കുറച്ച് എസ്.ബി.ഐ

Monday 15 December 2025 12:11 AM IST

കൊച്ചി: റിസർവ് ബാങ്ക് മുഖ്യ നിരക്കിൽ പ്രഖ്യാപിച്ച ഇളവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ). മാർജിനൽ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് അടിസ്ഥാനമായുള്ള വായ്പകളുടെ നിരക്ക്(എം.സി.എൽ.ആർ) വിവിധ കാലയളവുകളിൽ 0.05 ശതമാനം കുറച്ചു. ചെറുകിട, കോർപ്പറേറ്റ് ഉപഭോക്താക്കളുടെ വായ്പാ ബാദ്ധ്യതയും പ്രതിമാസ തിരിച്ചടവ് തുകയും(ഇ.എം.ഐ) കുറയാൻ എസ്.ബി.ഐ നടപടി സഹായിക്കും. ഡിസംബർ 15 മുതൽ ബാങ്കിന്റെ അടിസ്ഥാന നിരക്കുകൾ 9.90 ശതമാനമായി കുറയും. ഇതോടെ ഭവന, വാഹന, വ്യക്തിഗത, വാണിജ്യ വായ്പകളുടെ പലിശയിൽ വരും മാസങ്ങളിൽ നേരിയ കുറവുണ്ടാകും. ഡിസംബറിലെ ധന നയത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു.

നിക്ഷേപങ്ങളുടെ പലിശയും കുറയും

മൂന്ന് കോടി രൂപയിൽ താഴെയുള്ള രണ്ട് മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള വിവിധ സ്ഥിര നിക്ഷേപങ്ങളുടെ പലിശ 6.45 ശതമാനത്തിൽ നിന്ന് 6.40 ശതമാനമായി കുറയും. മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങളുടെ പലിശ 6.95 ശതമാനത്തിൽ നിന്ന് 6.90 ശതമാനമായി താഴും. ജനപ്രിയമായ 444 ദിവസത്തെ സ്‌പെഷ്യൽ നിക്ഷേപ പദ്ധതിയായ അമൃത് വ്യഷ്‌ടിയുടെ പലിശ 6.60 ശതമാനത്തിൽ നിന്ന് 6.45 ശതമാനമായി കുറച്ചു. മറ്റ് റീട്ടെയിൽ നിക്ഷേപ പദ്ധതികളുടെ പലിശയിൽ മാറ്റമുണ്ടാകില്ല.