കോൺഗ്രസ് പ്രവർത്തകന്റെ വീടുകയറി ആക്രമണം

Sunday 14 December 2025 11:18 PM IST

മല്ലപ്പള്ളി: തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനു വേണ്ടി പ്രവർത്തിച്ചതിന്റെ വൈരാഗ്യത്തിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട് കയറി ആക്രമണം. കല്ലൂപ്പാറ പുതുശ്ശേരി കല്ലുകുഴിയിൽ ടി. സതീഷിന്റെ വീടിനു നേരേയാണ് അക്രമം നടന്നത്. വീട്ടുകാർ പുറത്തിറങ്ങിയില്ല. ജനലും മറ്റും തകർത്തിട്ടുണ്ട്.കല്ലൂപ്പാറ പഞ്ചായത്ത് 8 -ാം വാർഡിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അക്രമം. വടിവാളുമായാണ് അക്രമികൾ എത്തിയതെന്ന് പരാതിയിൽ പറയുന്നു. വീട്ടുകാരെ അസഭ്യം വിളിച്ചു. സമീപവാസികൾ എത്തിയതോടെയാണ് അക്രമികൾ മടങ്ങിയത്. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി അറിയിച്ചതിനെ തുടർന്ന് മല്ലപ്പള്ളി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കേസെടുത്തു. അക്രമം നടത്തുന്നത് നാട്ടുകാർ ചിത്രീകരിച്ച വീഡിയോയും പൊലീസിന് കൈമാറിയിട്ടുണ്ട്. ജില്ല പഞ്ചായത്തിൽ വിജയിച്ച ഡോ.ബിജു ടി ജോർജ്, ബ്ലോക്കിൽ നിന്നും വിജയിച്ച എബി മേക്കരിങ്ങാട്ട്,സിപി മാത്യു, റെജി ചാക്കോ,അനിൽ തോമസ്, കോശി പി സക്കറിയ, ബെൻസി മാത്യു, മാത്യു ടി.എം തുടങ്ങിയവർ വീട് സന്ദർശിച്ചു.