മന്ത്രിയുടെ മണ്ഡലത്തിൽ യു.ഡി.എഫ് ലീഡ്

Sunday 14 December 2025 11:21 PM IST

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ മണ്ഡലമായ ആറൻമുളയിൽ യു.ഡി.എഫിന്റെ തേരോട്ടം. പന്ത്രണ്ട് ഗ്രാമപഞ്ചായത്തുകളിൽ പത്തെണ്ണത്തിലും പത്തനംതിട്ട നഗരസഭയിലും യു.ഡി.എഫ് ലീഡ് ചെയ്തു. മണ്ഡലത്തിൽ കുളനട പഞ്ചായത്തിൽ മാത്രമായി എൽ.ഡി.എഫ് ചുരുങ്ങി. ആറന്മുള, ഇലന്തൂർ, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, മെഴുവേലി , ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി, ചെന്നീർക്കര, പത്തനംതിട്ട നഗരസഭ എന്നിവിടങ്ങളിൽ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടി. നാരങ്ങാനം പഞ്ചായത്തിൽ യു.ഡി.എഫും എൻ.ഡി.എയും ആറ് സീറ്റുകൾ വീതം നേടി സമനിലയിലായപ്പോൾ എൽ.ഡി.എഫ് രണ്ട് സീറ്റുകൾ മാത്രമാണ് നേടിയത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരണം നിലനിറുത്തിയിരുന്ന പഞ്ചായത്താണിത്. യു.ഡി.എഫ് അധികാരത്തിൽ ഇരുന്ന ഓമല്ലൂർ പഞ്ചായത്തിൽ ആദ്യമായി എഴ് സീറ്റ് നേടി എൻ.ഡി.എ ഭരണം ഉറപ്പിച്ചു. പത്തനംതിട്ട നഗരസഭയിൽ 33 സീറ്റിൽ 17 ഉം നേടി യു.ഡി.എഫ്. കോയിപ്രം ,ഇലന്തൂർ, പന്തളം ബ്ലോക്ക് പഞ്ചായത്തുകളാണ് ആറന്മുള മണ്ഡലത്തിൽ ഉൾപ്പെടുന്നത്.കോയിപ്രം യുഡി.എഫ് സീറ്റ് നിലനിർത്തിയപ്പോൾ (യു.ഡി.എഫ് : 9, എൽ.ഡി.എഫ് : 4, എൻ.ഡി.എ : 1)ഇലന്തൂർ എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു (യു.ഡി.എഫ് : 12, എൽ.ഡി.എഫ് : 2) .

എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ പന്തളം ബ്ലോക്ക് യു.ഡി.എഫ് പിടിച്ചെടുത്തു (യു.ഡി.എഫ്. :8, എൽ.ഡി.എഫ് : 3, എൻ.ഡി.എ : 3) .