പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

Sunday 14 December 2025 11:21 PM IST

ശബരിമല: ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ ആരോഗ്യത്തിൽ കരുതലുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾ സജീവം. തീർത്ഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷണ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ, പമ്പയിലെയും സന്നിധാനത്തെയും പ്രത്യേക ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകൾ പരിശോധന നടത്തിവരുന്നുണ്ട്. പമ്പയിൽ 328, സന്നിധാനത്ത് 302 എന്നിങ്ങനെയാണ് ഇതുവരെ നടത്തിയ പരിശോധനകൾ. പമ്പയിൽ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ 6 കോമ്പൗണ്ടിംഗ് നോട്ടീസുകളും 21 റെക്റ്റിഫിക്കേഷൻ നോട്ടിസുകളും നൽകിയിട്ടുണ്ട്. സന്നിധാനത്ത് 24 സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസ് നൽകി. ആറു പരാതികൾ പരിഹരിക്കുകയും നാല് സ്ഥാപനങ്ങളിൽ നിന്നും കോമ്പൗണ്ടിങ് നടപടികൾ വഴി 30,000 രൂപ പിഴയീടാക്കുകയും ചെയ്തു. പമ്പയിലും സന്നിധാനത്തുള്ള ഭക്ഷ്യ സംരംഭകർക്കായി ഫുഡ് ഹാൻഡിങ്ങുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. പ്രാഥമിക ഗുണനിലവാര പരിശോധനയ്ക്കായി പമ്പയിൽ 69, സന്നിധാനത്ത് 62 എന്നിങ്ങനെ ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ ടോൾഫ്രീ നമ്പറുകൾ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.