സൂപ്പർ ലീഗ് കേരള കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Sunday 14 December 2025 11:30 PM IST

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ ആദ്യ സെമി ഫൈനലിൽ കാലിക്കറ്റ് എഫ്‌.സിയെ തോൽപ്പിച്ച് കണ്ണൂർ വാരിയേഴ്‌സ് എഫ്‌.സി ഫൈനലിലെത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. കണ്ണൂരിന് വേണ്ടി മുഹമ്മദ് സിനാന്‍ പെനാൽറ്റിയിലൂടെ ഗോൾ നേടി. കണ്ണൂർ ആദ്യമായി ആണ് സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലില്‍ എത്തുന്നത്. കഴിഞ്ഞ സീസണിൽ സെമി ഫൈനലിൽ ഫോഴ്‌സ കൊച്ചിയോട് പരാജയപ്പെട്ടിരുന്നു. കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ ഡിസംബർ 19 നാണ് ഫൈനലിൽ മലപ്പുറം - തൃശൂർ മാജിക് രണ്ടാം സെമി വിജയികളുമായി ഏറ്റുമുട്ടും.

തൃശൂർ മാജികിന് എതിരെ ഇറങ്ങിയ ആദ്യ ഇലവനിൽ രണ്ട് മാറ്റങ്ങളുമായി ആണ് കണ്ണൂർ വാരിയേഴ്‌സ് സെമി ഫൈനലിന് ഇറങ്ങിയത്. പനികാരണം പുറത്തിരിക്കേണ്ടി വന്ന സന്ദീപ് എസിന് പകരം പ്രതിരോധ നിരയിൽ സച്ചിൻ സുനിൽ ഇറങ്ങി. അറ്റാക്കിംങില്‍ പരിക്കില്‍ നിന്ന് പൂര്‍ണമുക്തി ലഭിക്കാത്ത കണ്ണൂര്‍ ക്യാപ്റ്റന്‍ അഡ്രിയാൻ സർദിനേറോയ്ക്ക് പകരമായി ടി ഷിജിനും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

സെമി ഫൈനലിന് നേരത്തെ യോഗ്യത നേടിയിരുന്ന കാലിക്കറ്റ് എഫ്‌സി അവസാന മത്സരങ്ങളില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിരുന്നു. അവസാന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെതിരെ ഇറങ്ങിയ ഇലവനില്‍ അടിമുടി മാറ്റങ്ങള്‍ നടത്തി മികച്ച ഇലവനെയാണ് കാലിക്കറ്റ് എഫ്‌സി ഇറക്കിയത്. ഗോള്‍ കീപ്പര്‍ ഹജ്മല്‍, പ്രതിരോധ താരം റിച്ചാര്‍ഡ്, മുഹമ്മദ് റിയാസ്, സച്ചിന്‍ സിബി മധ്യനിരയില്‍ ജോനാതന്‍ പെരേര, മുഹമ്മദ് അഷ്‌റഫ് എ.കെ., അറ്റാക്കിംങില്‍ മുഹമ്മദ് അജ്‌സല്‍, പ്രശാന്ത് കെ. തുടങ്ങിയവര്‍ ആദ്യ ഇലവനില്‍ മടങ്ങിയെത്തി.

71 ാം മിനുട്ടില്‍ കണ്ണൂരിന് പെനാല്‍റ്റി ലഭിച്ചു. ബോക്‌സിനകത്ത് നിന്ന് അസിയര്‍ ഗോമസിനെ റിയാസ് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി സിനാന്‍ ഗോളാക്കി മാറ്റി. കാലിക്കറ്റ് ഗോള്‍ കീപ്പര്‍ ഹജ്മല്‍ തട്ടിയെങ്കിലും കൈയില്‍ തട്ടി ഗോളാവുകയായിരുന്നു.

76 ാം മിനുട്ടില്‍ കണ്ണൂരിന്റെ സിനാന് അവസരം ലഭിച്ചു. ഗോള്‍ കീപ്പര്‍ അല്‍കേഷ് എടുത്ത ഗോള്‍ കിക്ക് ഷിജിന്‍ പിന്നിലേക്ക് ഹെഡ് ചെയ്ത് നല്‍കി. കാലിക്കറ്റ് ഗോള്‍കീപ്പര്‍ ഹജ്മലില്‍ നിന്ന് പന്ത് തട്ടി എടുത്ത സിനാന്‍ ഗോള്‍ ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഹജ്മല്‍ രക്ഷകനായി. പരിക്കേറ്റ കാലിക്കറ്റ് ഗോള്‍ കീപ്പര്‍ ഹജ്മലിന് പകരമായി അമനെ കളത്തിലിറക്കി.