അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് : പാകിസ്ഥാനെ പറപ്പിച്ച് ഇന്ത്യൻ പയ്യന്മാർ
Sunday 14 December 2025 11:34 PM IST
90 റൺസിന് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചു
ആരോൺ ജോർജ് (85)ഇന്ത്യയുടെ ടോപ്സ്കോറർ
ദുബായ് : അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്ഥാനെ 90 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ ചുണക്കുട്ടികൾ. 49 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 46.1 ഓവറിൽ 240 റൺസിന് ആൾഔട്ടായ ഇന്ത്യ പാകിസ്ഥാനെ 41.2 ഓവറിൽ 150 റൺസിന് ആൾഔട്ടാക്കിയാണ് വിജയം ആഘോഷിച്ചത്.
സൂപ്പർ താരം വൈഭവ് സൂര്യവംശി 5 റൺസെടുത്ത് ഔട്ടായെങ്കിലും 88 പന്തുകളിൽ 12 ഫോറും ഒരു സിക്സുമടക്കം 85 റൺസ് നേടിയ മലയാളി താരം ആരോൺ ജോർജും 46 റൺസടിച്ച കനിഷ്ക് ചൗഹാനുമാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്.മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ ദീപേഷ് ദേവേന്ദ്രനും കനിഷ്കും ബൗളിംഗിൽ കരുത്തായി.ആൾറൗണ്ട് പ്രകടനത്തിലൂടെ കനിഷ്കാണ് പ്ളേയർ ഒഫ് ദ മാച്ചായത്.