തകർന്നടിഞ്ഞ് പുതുശ്ശേരി മഠം റോഡ്
ഉദിയൻകുളങ്ങര: തകർന്ന് തരിപ്പണമായി പുതുശ്ശേരി മഠം റെയിൽവേസ്റ്റേഷൻ റോഡ്. പണികഴിഞ്ഞ് നാലുവർഷം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ കുണ്ടും കുഴിയുമായ റോഡ് യാത്രക്കാർക്കും സമീപവാസികൾക്കും ദുരിതമായി. റെയിൽപാത ഇരട്ടിക്കൽ പണി
നടക്കുന്നതിനാൽ റോഡുകൾ പലതും ഗതാഗത യോഗ്യമല്ലാതായതോടെ ആകെയുണ്ടായിരുന്ന ഈ റോഡിനെ നിരവധി ട്രെയിൻ യാത്രക്കാർ ആശ്രയിച്ചിരുന്നു. കൊല്ലയിൽ പഞ്ചായത്തിനു കീഴിലുള്ള റോഡ് നാല് വർഷത്തിനു മുമ്പ് നവീകരണം നടത്തിയെങ്കിലും അശാസ്ത്രീയ റോഡ് നിർമ്മാണം കാരണം ഇപ്പോൾ തകർന്നടിഞ്ഞ നിലയിലാണ്. മഴക്കാലത്ത് റോഡ് ഏത് കുഴിയേത് അറിയാതെ അപകടത്തിൽ പെടുന്നവരുടെ എണ്ണവും കുറവല്ല. റോഡ് കടന്നുപോകുന്ന ചില ഭാഗങ്ങൾ കൃഷിഭൂമിയും കരഭൂമിയും കൂടിച്ചേർന്ന ഭാഗങ്ങളായതിനാൽ ഈ ഭാഗത്ത് കര ഊറ്റ് ഉള്ളതിനാൽ വെള്ളം പോകാനായി ഓട നിർമ്മിക്കണമെന്നനാട്ടുകാരുടെ ആവശ്യത്തെ അവഗണിച്ചാണ് റോഡ് നിർമ്മാണം തകൃതിയിൽ പൂർത്തിയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.
യാത്രക്കാർ ദുരിതത്തിൽ
പലവക്കുളങ്ങര - റെയിൽവേ സ്റ്റേഷനിൽ നിന്നും ധനുവച്ചപുരം ഗവ.ഐ.ടി.ഐ,കൊല്ലയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം, പോങ്ങുംപൊറ്റ , കൊറ്റാമം, ധനുവച്ചപുരം മാർക്കറ്റ്, സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡായിരുന്നു. റോഡിന്റെ ഇരുഭാഗത്തുമായി 500 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. റോഡ് തകർന്നതു കാരണം കിലോമീറ്റർ കറങ്ങിയാണ് ഇപ്പോൾ ഇവിടത്തുകാർ ഉദിയൻകുളങ്ങരയിലേക്ക് എത്തുന്നത്. രാത്രികാലമായാൽ സ്ട്രീറ്റ് ലൈറ്റുകളുടെ അഭാവവും പ്രദേശത്തെ ദുരിതമാക്കുന്നു. ഇരുട്ടു വീണാൽ ഇതുവഴി കാൽനട യാത്ര പോലും ദു:സഹമാണ്. റോഡിന്റെ ഇരുഭാഗത്തുമുള്ള കുറ്റിക്കാടുകളിൽ നിന്നും നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാരുടെ ആവശ്യം പഞ്ചായത്ത് അധികൃതർ കാണുന്നില്ല.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ റോഡ് നവീകരണത്തിന് ഫണ്ട് കണ്ടെത്തിയതായി ബോർഡുകൾ വച്ചെങ്കിലും പ്രാവർത്തികമാക്കിയിട്ടില്ല.
ശ്രീകല
പൊതുപ്രവർത്തക
പുതുശ്ശേരി മഠം