പെൻസിൽത്തുമ്പിന്റെ വലുപ്പം; മഴക്കാടുകളിൽ കണ്ടെത്തിയ പുതിയ തവളയ്ക്ക് പ്രത്യേകതകൾ ഏറെ

Sunday 14 December 2025 11:39 PM IST

മഴയും പച്ചപ്പും സമൃദ്ധമായ ആവാസവ്യവസ്ഥയിൽ തവളകൾ നിർണായക പങ്കാണ് വഹിക്കുന്നത്. ലോകത്ത് ഏറ്റവുമധികം തവളവർഗങ്ങളെ കണ്ടെത്തിയിട്ടുള്ള ഹോട്ട്സ്‌പോട്ടുകളിൽ ഒന്നായ പശ്ചിമഘട്ടത്തിൽ മാത്രം നൂറുകണക്കിന് അത്യപൂർവയിനം തവളകളാണ് നമ്മുടെ ശ്രദ്ധയിൽപ്പെടാതെ മറഞ്ഞിരിക്കുന്നത്.

ഈ തവളകളുടെ നിലനിൽപ്പും അവ നേരിടുന്ന വംശനാശ ഭീഷണികളും സംബന്ധിച്ച് നിരവധി പഠന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. പരിസ്ഥിതിയിൽ അവ ചെലുത്തുന്ന സ്വാധീനവും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ബ്രസീലിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ തവള കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

മനോഹരമായ ഓറഞ്ച് നിറത്തിലുള്ള 'പംപ്കിൻ ടോഡ്‌ലെറ്റ്' വിഭാഗത്തിൽപ്പെട്ട കുഞ്ഞൻ തവളകൾ ലോകത്തിലെ ഏറ്റവും ചെറിയ ജീവികളിൽ ഒന്നാണ്. പെൻസിൽത്തുമ്പിന്റെ വലുപ്പം മാത്രമുള്ള ഇവയ്ക്ക് ഓറഞ്ച് നിറത്തിൽ പച്ചയും തവിട്ടും കലർന്ന പുള്ളികളാണുള്ളത്. ദക്ഷിണ ബ്രസീലിലെ അറ്റ്ലാന്റിക് വനത്തിലെ സെറ ഡോ ക്വിരിരി പർവതനിരകളിലെ ക്ലൗഡ് ഫോറസ്റ്റ് മേഖലയിലാണ് ഓറഞ്ച് തവളയെ കണ്ടെത്തിയിരിക്കുന്നത്.

ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോടുള്ള ആദരസൂചകമായി 'ബ്രക്കൈസെഫാലസ് ലുലായ്' എന്നാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്. സാധാരണ തവളകളിൽ നിന്ന് വ്യത്യസ്തമായി ഇവയുടെ ഇണചേരൽ സമയത്ത് പുറപ്പെടുവിക്കുന്ന ശബ്ദത്തിലൂടെയാണ് ശാസ്ത്രജ്ഞർ ഈ ജീവിയെ തിരിച്ചറിഞ്ഞത്. ഡിഎൻഎ വിശകലനം, സിടി സ്‌കാൻ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇവ വ്യത്യസ്ത ജീവിവർഗത്തിൽപ്പെട്ടതാണെന്നാണ് ഗവേഷകർ വിശകലനം ചെയ്യുന്നത്.

ഏകദേശം ഒരു വലിയ പയർമണിയുടെ അത്രമാത്രമാണ് ഇതിന്റെ വലുപ്പം. 8.9 മുതൽ 11.3 മില്ലിമീറ്റർ വരെയാണ് ആൺതവളകളുടെ വലുപ്പം. 11.7 മുതൽ 13.4 മില്ലിമീറ്റർ വരെയാണ് പെൺതവളകളുടെ വലുപ്പം കണക്കാക്കുന്നത്.

വംശനാശ ഭീഷണി കുറഞ്ഞ വിഭാഗത്തിലാണ് ഇവയെ നിലവിൽ ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും ഈ ഇനത്തിൽപ്പെട്ട തവളകളെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. ഇവയ്ക്ക് പ്രസിഡന്റിന്റെ പേര് നൽകി ആദരിച്ചതിലൂടെ അറ്റ്ലാന്റിക് വനമേഖലയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.