എൽ.ഡി.എഫിനെതിരെ പ്രവർത്തിച്ചു സി.പി.എം അനുഭാവിക്ക് നടുറോഡിൽ മർദ്ദനം

Monday 15 December 2025 12:42 AM IST

ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചെന്നാരോപിച്ച്‌ സി.പി.എം അനുഭാവിയെ നടുറോഡിലിട്ട് മർദ്ദിച്ചു. മാരാരിക്കുളം പാണ്ടിയാലയ്ക്കൽ വീട്ടിൽ മനോജ് കൃഷ്ണൻകുട്ടിയെയാണ് (47) സി.പി.എം പ്രാദേശിക നേതാവും സംഘവും ചേർന്ന് മർദ്ദിച്ചത്. ഫലപ്രഖ്യാപനം വന്ന ദിവസം വൈകിട്ട് 6ഓടെയായിരുന്നു സംഭവം. മനോജും ഭാര്യ നിജിയും ഓട്ടോറിക്ഷയിൽ സുനാമി അഭയകേന്ദ്രത്തിന് മുന്നിലെത്തിയപ്പോൾ പ്രതികൾ വാഹനം തടഞ്ഞുനിറുത്തി മ‌ർദ്ദിക്കുകയായിരുന്നു. സി.പി.എം പ്രവർത്തകരായ ഷിജു,മകൻ അനു,രമണൻ,മകൻ ശ്യാം,കണ്ണൻ എന്നിവർക്കെതിരെ മാരാരിക്കുളം പൊലീസിന് പരാതി നൽകി.

മർദ്ദനത്തിൽ തലയ്ക്കും മുഖത്തും പരിക്കേറ്റ മനോജ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മനോജിനെ മർ‌ദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യക്കും മർദ്ദനമേറ്റു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 19ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ആർ.രാജേഷ് 68 വോട്ടിനാണ് തോറ്റത്. കോൺഗ്രസിന്റെ സി.കെ. പ്രേമനാണ് വിജയിച്ചത്.