ബസ് നിറുത്തി ഇറങ്ങിപ്പോയ ട്രാൻ. ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ

Monday 15 December 2025 1:47 AM IST

പുതുക്കാട് (തൃശൂർ)​: നിറയെ യാത്രക്കാരുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ദേശീയപാതയോരത്ത് നിറുത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം നമ്പൂതിരിപ്പറമ്പ് വീട്ടിൽ ബാബുവാണ് (45) മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബസ് നിറുത്തിയിട്ട ശേഷം ബാബു ഇറങ്ങിപ്പോവുകയായിരുന്നു. എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ബസായിരുന്നു ഇത്.

ഇന്നലെ രാവിലെയാണ് ബസ് നിറുത്തിയിട്ടതിന് അരക്കിലോമീറ്ററോളം അകലെ മണലി പാലത്തിന് സമീപം പുഴയുടെ തെക്കെക്കരയിൽ പാഴ്‌മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഖമില്ലെന്ന് പറഞ്ഞ് ബസിന്റെ താക്കോൽ കണ്ടക്ടറെ ഏൽപ്പിച്ചശേഷമാണ് പോയത്. അസ്വാഭാവികത തോന്നി കണ്ടക്ടറും യാത്രക്കാരും പിന്നാലെ ചെന്നെങ്കിലും മൊബൈൽ ഫോൺ വലിച്ചെറിഞ്ഞ ശേഷം ബാബു ഓടി മറഞ്ഞു.

അന്വേഷിച്ചിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്ന് കണ്ടക്ടർ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. അധികൃതരെ വിവരമറിയിച്ചു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ പുതുക്കാട് പൊലീസിൽ പരാതി നൽകി. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും ശനിയാഴ്ച കണ്ടെത്താനായില്ല. ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവറാണ് അവിവാഹിതനായ ബാബു. ഒരാഴ്ചയായി ഇയാൾ മൗനിയായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.