കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ആശ്വാസം, ആറ് മാസം മുടങ്ങില്ല

Thursday 10 October 2019 12:00 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സഹകരണ കൺസോർഷ്യത്തിന്റെ സഹായത്തോടെ ആറ് മാസത്തേക്കുള്ള പെൻഷൻ വിതരണത്തിന് ധനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഗതാഗതവകുപ്പും ധനവകുപ്പും സഹകരണ വകുപ്പും തമ്മിൽ ഉടൻ ധാരണാപത്രം ഒപ്പിടും.

സഹകരണ കൺസോർഷ്യത്തിന്റെ സഹായത്തോടെയാണ് കെ.എസ്.ആർ.ടി.സിയിൽ ഒന്നര വർഷമായി പെൻഷൻ വിതരണം നടക്കുന്നത്. ആറ് മാസം കാലാവധിയുള്ള എം.ഒ.യുവിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സ്ഥാപനങ്ങൾ കെ.എസ്.ആർ.ടി.സിക്ക് 10 ശതമാനം പലിശയ്ക്ക് പണം നൽകുന്നത്. സമയബന്ധിതമായി എം.ഒ.യു പുതുക്കി ഒപ്പിടാറുണ്ടെങ്കിലും ഒടുവിലെ കരാറിന്റെ സമയപരിധി ഒക്ടോബറിൽ അവസാനിച്ചിരുന്നു. തുടർന്നാണ് പെൻഷൻ മുടങ്ങിയത്. സഹായം തുടരാൻ സഹകരണ സ്ഥാപനങ്ങൾ താത്പര്യം കാണിക്കാതായതോടെ കാര്യങ്ങൾ അനിശ്ചിതത്വത്തിലായി. ഈ സാഹചര്യത്തിലാണ് ധനമന്ത്രി,​ സഹകരണ മന്ത്രി, ഗതാഗത മന്ത്രി എന്നിവർ യോഗം ചേർന്ന് ധാരണയിലെത്തിയത്.
കെ.എസ്.ആർ.ടി.സിക്ക് പ്രതിവർഷം ബഡ്‌ജറ്റിൽ അനുവദിക്കുന്ന തുകയിൽ നിന്നാണ് ധനവകുപ്പ് സഹകരണ കൺസോർഷ്യത്തിന്റെ കടം തീർക്കുന്നത്. ഇത്തരത്തിൽ 72 കോടി രൂപ കുടിശികയായതാണ് സഹകരണവകുപ്പിന്റെ വിമുഖതയ്ക്കു കാരണം. ഉടൻ കുടിശിക തീർത്ത് പണം കൈമാറുമെന്ന് ധനമന്ത്രി ഉറപ്പ് നൽകി.