ലിംഗനീതിക്കായി പൊലീസിന് 'ബോദ്ധ്യം' പദ്ധതി
സ്ത്രീകളെയും ട്രാൻസ്ജെൻഡറുകളെയും പരിഗണിക്കുന്നതിൽ പരിശീലനം
കൊല്ലം: കേസുകളുമായി ബന്ധപ്പെട്ട് സ്ത്രീകളെയും ട്രാൻസ്ജെൻഡറുകളെയും എങ്ങനെ പരിഗണിക്കണം എന്നത് സംബന്ധിച്ച് പൊലീസിന് പരിശീലനവുമായി സംസ്ഥാന വനിത വികസന കോർപ്പറേഷൻ. 'ബോദ്ധ്യം' എന്ന പേരിലാണ് സംസ്ഥാന ട്രാൻസ് ജെൻഡർ ജസ്റ്റീസ് ബോർഡ് അംഗങ്ങളെയും ഉൾപ്പെടുത്തി പരിശീലനം നടത്തുന്നത്.
സ്ത്രീകളും ട്രാൻസ് ജെൻഡറുകളും പൊലീസ് സേവനങ്ങളിൽ വിവേചനവും ഭയവും നേരിടേണ്ടി വരുന്നുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ക്ളാസുകൾ. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും സബ് ഇൻസ്‌പെക്ടർമാർക്ക് വരെയാണ് പരിശീലനം നൽകുന്നത്. സ്ത്രീകളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടും കൂടുതൽ സഹാനുഭൂതിയോടെയും വിവേചനരഹിതമായും ഇടപെടാൻ പൊലീസിനെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. മിത്ര 181 ഹെൽപ്പ് ലൈനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
മിത്ര 181
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, സുരക്ഷ ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിത വികസന കോർപ്പറേഷൻ ആരംഭിച്ച സേവനമാണ് മിത്ര 181 ഹെൽപ്പ് ലൈൻ. 2017 മാർച്ചിലാണ് തുടക്കം. എല്ലാ മേഖലകളിലെയും വിവരാന്വേഷണവും അത്യാവശ്യ സേവനങ്ങളും വനിതകൾക്ക് ലഭ്യമാക്കുന്നുണ്ട്. ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കുന്നതിലൂടെ സ്ഥലത്തെ പൊലീസ് സ്റ്റേഷൻ, പ്രധാന ആശുപത്രി, ആംബുലൻസ് സർവീസ് തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുന്നത്. കൗൺസലിംഗുമുണ്ടാവും.
ലക്ഷ്യങ്ങൾ
പൊലീസ് ഉദ്യോഗസ്ഥരെ ലിംഗവിവേചന രഹിതരും സഹാനുഭൂതിയുള്ളവരുമാക്കുക
സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക
പൊലീസ് സേനയും 'മിത്ര 181' ഹെൽപ്പ് ലൈനും തമ്മിലുള്ള ബന്ധം ശക്തമാക്കുക
ട്രാൻസ്ജെൻഡർമാരോട് മുൻവിധിയോടെയുള്ള ധാരണകൾക്ക് മാറ്റം വരുത്തുക
പൊലീസിൽ നിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങൾക്ക് പരിഹാരം ഉറപ്പാക്കുകയാണ്‍ ലക്ഷ്യം. ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും തുല്യരായി കാണാനും അനുഭാവപൂർവം പെരുമാറാനും പൊലീസിനെ പ്രാപ്തരാക്കും.
കെ.എസ്.ഡബ്ല്യു.ഡി.സി അധികൃതർ