മലയാളികളുടെ ദീർഘനാളത്തെ ആവശ്യത്തിന് പരിഹാരമാകുന്നു,​ പദ്ധതി നടപ്പാക്കാനൊരുങ്ങി റെയിൽവേ

Monday 15 December 2025 4:50 AM IST

പാലക്കാട്: കേരളത്തിലേക്കുള്ള ട്രെയിനുകളിൽ വൃത്തിയുള്ള കോച്ചുകൾ വേണമെന്ന മലയാളികളുടെ ദീർഘകാലത്തെ ആവശ്യത്തിന് റെയിൽവേയുടെ ഗ്രീൻ സിഗ്നൽ. ഏറ്റവും തിരക്കേറിയ മാംഗ്ലൂർ മെയിൽ, തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ആലപ്പി സൂപ്പർഫാസ്റ്റ് അടക്കമുള്ള ട്രെയിനുകളിലെ പഴയ കോച്ചുകൾ മാറ്റി എൽ.എച്ച്.ബി കോച്ചുകളാക്കുന്നതിനുള്ള ഉത്തരവ് ദക്ഷിണ റെയിൽവേ കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു. ഇതോടെ കേരളത്തിലേക്കുള്ള പ്രധാനപ്പെട്ട ട്രെയിനുകൾ പൂർണമായും എൽ.എച്ച്.ബിയിലേക്കു മാറും. 2026 ഫെബ്രുവരി മുതലാണു കോച്ചുകളിലെ മാറ്റം.

 ആദ്യം മാറുക ആലപ്പി സൂപ്പർഫാസ്റ്റ് മാംഗ്ലൂർ സെൻട്രൽ - ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് (22638) ട്രെയിൻ ഫെബ്രുവരി ഒന്നിനും ചെന്നൈ - മാംഗ്ലൂർ ട്രെയിൻ (22637) ഫെബ്രുവരി 4നും ആണ് എൽ.എച്ച്.ബി കോച്ചുകളിലേക്കു മാറുക. മാംഗ്ലൂർ - ചെന്നൈ മെയിൽ (12602) ഫെബ്രുവരി 3 മുതലും ചെന്നൈ – മാംഗ്ലൂർ മെയിൽ (2601) 4 മുതലും എൽ.എച്ച്.ബിയിൽ ഓടും. ചെന്നൈ - ആലപ്പി (ഫെബ്രുവരി 1), ആലപ്പി - ചെന്നൈ (ഫെബ്രുവരി 2), ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695 - ഫെബ്രുവരി 3), തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ് (12696 - ഫെബ്രുവരി 4) ട്രെയിനുകളും പുതുമോടിയിലാണ് ഓടുക.

പുത്തൻ കോച്ചുകൾക്കൊപ്പം കോച്ചുകളുടെ വിന്യാസത്തിലും മാറ്റങ്ങളുണ്ടാകും. ചെന്നൈ - മംഗളൂരു - ചെന്നൈ മെയിൽ, ചെന്നൈ - മംഗളൂരു - ചെന്നൈ വെസ്റ്റ് കോസ്റ്റ് എന്നീ ട്രെയിനുകളിൽ ഒരു ഫസ്റ്റ് എസി, ഒരു സെക്കൻഡ് എസി, 5 തേഡ് എസി, 9 സ്ലീപ്പർ ക്ലാസ്, 4 ജനറൽ സെക്കൻഡ് ക്ലാസ് എന്നീ കോച്ചുകളുണ്ടാകും. ചെന്നൈ - ആലപ്പി - ചെന്നൈ, ചെന്നൈ - തിരുവനന്തപുരം - ചെന്നൈ എന്നീ ട്രെയിനുകളിൽ ഒരു ഫസ്റ്റ് എസി, ഒരു സെക്കൻഡ് എസി, 3 തേഡ് എസി, 9 സ്ലീപ്പർ ക്ലാസ്, 4 ജനറൽ സെക്കൻഡ് ക്ലാസ് എന്നിവയാണു കോച്ചുകൾ.

 സവിശേഷതകൾ മാംഗ്ലൂർ മെയിൽ, ആലപ്പി സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ട്രെയിനുകളിലെ പഴയ കോച്ചുകൾ മാറ്റണമെന്ന മലയാളികളുടെയും സംഘടനകളുടെയും ദീർഘകാല ആവശ്യത്തിനാണ് ദക്ഷിണ റെയിൽവേ അംഗീകാരം നൽകിയത്. നാട്ടിലേക്ക് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്ന ഈ ട്രെയിനുകളിലെ പഴയകാല കോച്ചുകളിൽ വർഷങ്ങളായി ദുരിത യാത്രയാണ് മലയാളികൾക്ക് സമ്മാനിച്ചിരുന്നത്. തുരുമ്പു പിടിച്ച ജനലുകൾ, തിങ്ങി ഞെരുങ്ങുന്ന കോച്ചുകൾ എന്നിവയാണു പ്രധാന പ്രശ്നങ്ങൾ. സ്ലീപ്പർ ക്ലാസിലാണു കൂടുതൽ ദുരിതം. നിറഞ്ഞോടുന്ന സ്ലീപ്പറിൽ വീർപ്പുമുട്ടുന്ന അവസ്ഥയാണു യാത്രക്കാർക്ക്. ശുചിമുറിയും അതിനോടു ചേർന്നുള്ള വാഷ്‌ബേസിനും അടക്കമുള്ളവ ശോച്യാവസ്ഥയിലാണ്. എൽ.എച്ച്.ബിയിലേക്കു മാറുന്നതോടെ ഇതടക്കമുള്ള സൗകര്യങ്ങൾ മികവുറ്റതാകുമെന്നാണു യാത്രക്കാരുടെ പ്രതീക്ഷ. ട്രെയിനുകളുടെ വേഗത്തിൽ വർദ്ധന, കുറഞ്ഞ ഭാരം, കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി തുടങ്ങിയവയാണു മറ്റു പ്രത്യേകതകൾ. ട്രെയിനുകൾ കൂട്ടിയിടിച്ചാലും കോച്ചുകൾ സുരക്ഷിതം, കുറഞ്ഞ അറ്റകുറ്റപ്പണി എന്നിവയും സവിശേഷതകളാണ്.