ഡോളറിനെതിരെ രൂപ കൂപ്പുകുത്തി; ഇന്നുണ്ടായത് റെക്കാഡ് തകർച്ച, സാമ്പത്തികച്ചെലവ് കൂടുമെന്ന് സൂചന
മുംബയ്: തിങ്കളാഴ്ചത്തെ ആദ്യവ്യാപാരത്തിൽ രൂപയുടെ മൂല്യത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 90.56 ആയാണ് കുറഞ്ഞത്. ഡിസംബർ 12ന് രേഖപ്പെടുത്തിയ 90.55 ആണ് ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. യുഎസ്-ഇന്ത്യ വ്യാപാര ചർച്ചകളിലെ സ്തംഭനാവസ്ഥയും പ്രാദേശിക വിപണികളും ബോണ്ടുകളും വിദേശ വിൽപ്പനയും കറൻസിയെ ബാധിച്ചതോടെയാണ് രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയിലേക്കെത്തിയിരിക്കുന്നത്.
യുദ്ധങ്ങളും യുദ്ധസമാന സാഹചര്യങ്ങളും ലോകമൊട്ടാകെ ഉൽപ്പാദന, ഉപഭോഗ നിരക്കിൽ ഇടിവ് സൃഷ്ടിച്ചിട്ടും ഇന്ത്യ സ്ഥിരയോടെ വളരുന്നതും രൂപയ്ക്ക് നേട്ടമാകുന്നില്ല. കുറഞ്ഞ നിരക്കിൽ ക്രൂഡോയിൽ ലഭ്യമായതും കേന്ദ്ര സർക്കാരിന്റെ അനുകൂല നടപടികളും പലിശയിളവുകളും ആഭ്യന്തര ഉൽപ്പാദനവും ഉപഭോഗവും മെച്ചപ്പെട്ടതാണ് കാരണം. എന്നാൽ ഇതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 90ലേക്ക് കൂപ്പുകുത്തിയത് സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ്. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ പിൻമാറ്റം, റിസർവ് ബാങ്കിന്റെ വിപണി ഇടപെടലിലെ വിമുഖത, ആഗോളതലത്തിൽ ഡോളറിന്റെ കരുത്ത് എന്നിവയാണ് രൂപയ്ക്ക് തിരിച്ചടിയായത്.
അതേസമയം, രൂപയുടെ മൂല്യയിടിവ് സാമ്പത്തിക വളർച്ചയെ ബാധിക്കുമോയെന്ന സംശയവും ശക്തമാണ്. രൂപയിലെ സമ്മർദ്ദം മൊത്തം ഇറക്കുമതിച്ചെലവ് ഉയർത്താനും വ്യാപാരകമ്മി കൂടാനും കാരണമാകും. വിദേശ വിദ്യാഭ്യാസം, യാത്രകൾ എന്നിവയ്ക്കും ചെലവേറുമെന്നാണ് സാമ്പത്തികവിദഗ്ദർ സൂചിപ്പിക്കുന്നത്.