'സ്റ്റേജിൽ ഒരുമിച്ച് പരിപാടി, സന്തോഷത്തോടെ ട്രിപ്പ്'; ദിലീപിനെതിരായുള്ള നടിയുടെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്ന് കോടതി

Monday 15 December 2025 11:05 AM IST

കൊച്ചി: ദിലീപ് ഭീഷണിപ്പെടുത്തിയെന്ന ആക്രമണത്തിനിരയായ നടിയുടെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്ന് വിചാരണക്കോടതി. കാവ്യയുമായി തനിക്ക് ബന്ധമുണ്ടെന്നറിഞ്ഞ മഞ്ജു വാര്യരോട് അക്കാര്യം തിരുത്തിപ്പറയണമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു നടിയുടെ മൊഴി. മലയാള സിനിമയിൽ നിന്ന് നടിയെ പുറത്താക്കാൻ ദിലീപ് ശ്രമിച്ചു എന്ന ആരോപണത്തിന് കൃത്യമായ തെളിവോ സാക്ഷിമൊഴികളോ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വർഷം രണ്ടോ മൂന്നോ സിനിമയിൽ അഭിനയിക്കുമായിരുന്നുവെന്ന് നടിയുടെ മൊഴിയുണ്ട്. എന്നാൽ ദിലീപ് നടിയുടെ അവസരം നിഷേധിച്ചതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപുമൊത്ത് യൂറോപ്യൻ ട്രിപ്പിന് പോയിരുന്നുവെങ്കിലും പരസ്‌പരം സംസാരിച്ചില്ല എന്നാണ് നടിയുടെ മൊഴി. എന്നാലിതും വിശ്വാസ്യയോഗ്യമല്ല. ട്രിപ്പിലെ പരിപാടിയിൽ ലീഡിംഗ് ആക്‌ടേഴ്‌സ് ആയിരുന്നു നടിയും ദിലീപും. രണ്ടുപേരും ചേർന്നഭിനയിച്ച സിനിമകളിലെ ഗാനങ്ങളും ഇവർ സ്റ്റേജിൽ അവതരിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ റിഹേഴ്‌സൽ ക്യാമ്പിലും പരസ്‌പരം സംസാരിച്ചിട്ടില്ല എന്നാണ് നടി പറഞ്ഞത്. എന്നാൽ ഇത്തരം ക്യാമ്പുകളിൽ ഒരക്ഷരം പോലും പരസ്‌പരം സംസാരിച്ചിട്ടില്ല എന്ന മൊഴി വിശ്വസിക്കാൻ സാധിക്കില്ല.

കാവ്യയുമായി ബന്ധമുണ്ടെന്ന് മഞ്ജുവിനോട് പറഞ്ഞത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടത് ഈ ക്യാമ്പിനിടെയാണെന്നായിരുന്നു നടി വ്യക്തമാക്കിയത്. താൻ വിചാരിക്കാത്തവരാരും മലയാള സിനിമയിൽ ഉണ്ടാകില്ല എന്നാണ് ദിലീപ് പറഞ്ഞത്. എന്നാൽ ഇത് ക്യാമ്പിലുണ്ടായിരുന്ന മറ്റാരും കേട്ടില്ല. ഇതിനെക്കുറിച്ച് മറ്റാരോടും നടി പങ്കുവച്ചതുമില്ല. സംഭവത്തിനുശേഷവും വളരെ സന്തോഷത്തോടെ നടി യൂറോപ്യൻ ട്രിപ്പ് തുടർന്നു. അതിനാൽ തന്നെ നടിയുടെ മൊഴി കണക്കിലെടുക്കുന്നില്ലെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.