ലക്ഷ്യം മലയാളികളായ യുവാക്കൾ, അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നത് ട്രെയിനിലും ബസുകളിലും, കടുത്ത നടപടി

Monday 15 December 2025 11:44 AM IST

കൊല്ലം: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ ലഹരിക്കെതിരെ കടുപ്പിച്ച് എക്സൈസ്. കഴിഞ്ഞ 1 മുതൽ നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിൽ 298 പരിശോധനകൾ നടത്തി. കഴിഞ്ഞ 11 വരെ കഞ്ചാവ് ഉൾപ്പടെ ലഹരിവസ്തുക്കൾ കടത്തിയ കേസുകളിൽ 72 പേരെ അറസ്റ്റ് ചെയ്തു.

എൻ.ഡി.പി.എസ് കേസുകളിൽ 20 പേരും അബ്കാരി കേസുകളിൽ 52 പേരും അറസ്റ്റിലായി. 71 അബ്കാരി കേസുകളിൽ തൊണ്ടിമുതലായി 6,500 രൂപ പിടിച്ചെടുത്തു. 232 കോട്പാ കേസുകളിലായി 46400 രൂപ പിഴ അടപ്പിച്ചു. 17.4 കിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 294.2 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 60 ലിറ്റർ ചാരായവും 60.4 ലിറ്റർ അരിഷ്ടവും 86 ലിറ്റർ വാഷും 0.6 കിലോ കഞ്ചാവും പിടികൂടി.

2205 വാഹനങ്ങൾ പരിശോധിച്ചതിൽ ഒരെണ്ണം പിടിച്ചെടുത്തു. കൂടാതെ ഒരു കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചു. അന്തർ സംസ്ഥാന സർവീസ് ബസുകൾ, ട്രെയിനുകൾ, റെയിൽവേ സ്‌റ്റേഷൻ പരിസരങ്ങൾ, ബസ് സ്റ്റാൻഡ്, ലോഡ്ജുകൾ, പാഴ്‌സൽ സർവീസുകൾ എന്നിവിടങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്.

കഴിഞ്ഞ മാസം ആകെ 909 റെയ്ഡുകളാണ് നഗരത്തിൽ നടത്തിയത്. ലഹരി കേസുകളിൽ

അറസ്റ്റിലായവരിൽ ഭൂരിഭാഗവും യുവാക്കളാണ്. ലഹരി ഉപയോഗിക്കില്ലെങ്കിലും അമിത വരുമാനം ലക്ഷ്യമിട്ട് നാട്ടിൽ വിൽക്കാനായി കൊണ്ടുവരുന്നതിനിടെ കുടുങ്ങിയവരുമുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിലും ദീർഘദൂര ബസുകളിലുമാണ് ലഹരി മരുന്നുകൾ എത്തിക്കുന്നത്. കാരി​യർമാരായി​ സ്ത്രീകളുമുണ്ട്. മദ്യ കേസുകളിൽ പിടിയിലായതിൽ കൂടുതലും മദ്ധ്യവയസ്‌കരാണെന്നും എക്സൈസ് അധികൃതർ പറഞ്ഞു.

സ്പെഷ്യൽ ഡ്രൈവ് 5 വരെ

 ജനുവരി 5 വരെയാണ് സ്പെഷ്യൽ ഡ്രൈവ്

 ജില്ലയെ രണ്ട് സോണുകളായി തിരിച്ചു

 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജം

 അതിർത്തി വഴി കടന്നുവരുന്ന വാഹനങ്ങൾ പരിശോധിക്കാൻ സ്‌പെഷ്യൽ ബോർഡർ ചെക്കിംഗ് പാർട്ടി

പരാതി അറിയിക്കാൻ:

155358 (ടോൾഫ്രീ നമ്പ‌ർ)

ലഹരിക്കടത്ത് വിവരം നൽകാൻ:

9061178000

നേർവഴി: 9656178000

വിമുക്തി: 14405 (ചികിത്സ, കൗൺസലിംഗ്)

കൊല്ലം എക്സൈസ് ഡിവിഷൻ ഓഫീസ്: 0474-2745648

പരിശോധന പുരോഗമിക്കുകയാണ്. സ്‌പെഷ്യൽ ഡ്രൈവിലൂടെ അനധികൃത ലഹരിയുടെ ഒഴുക്ക് തടയുകയാണ് ലക്ഷ്യം.

എക്സൈസ് അധികൃതർ