കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; പൂർണമായും കത്തിനശിച്ചു
Monday 15 December 2025 11:47 AM IST
കണ്ണൂർ: ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ആർക്കും ആളപായം ഉണ്ടായിട്ടില്ല. എന്നാൽ, ബസ് പൂർണമായും കത്തിനശിച്ചു.
വിരാജ്‌പേട്ടയിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിച്ചതോടെ ഇരുവരും ബസിന് പുറത്തേക്കിറങ്ങി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഇരിട്ടിയിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകളെത്തി തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇരിട്ടിയിൽ നിന്ന് വിരാജ്‌പേട്ടയിലേക്ക് തീർത്ഥാടകരുമായി പോയ ബസ്, യാത്രക്കാരെ അവിടെ ഇറക്കിയശേഷം മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്.