മാഗി കാപ്‌സ്യൂളുമായി യുവാവ്; വീഡിയോ വെെറലായതോടെ പ്രതികരിച്ച് കമ്പനി
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് നൂഡിൽസ് ബ്രാൻഡുകളിലൊന്നാണ് മാഗി. വളരെ എളുപ്പത്തിലും രുചിയിലും അഞ്ച് മിനിട്ടിൽ തന്നെ തയ്യാറാക്കാം എന്നതാണ് ഇതിന്റെ ജനപ്രീതി കൂട്ടുന്നത്. ഇപ്പോഴിതാ ഒരു 'മാഗി കാപ്‌സ്യൂളി'ന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
വെള്ളത്തിൽ കലർത്തിയാൽ ഉടൻ നൂഡിൽസായി മാറുന്ന കാപ്‌സ്യൂളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോയ്ക്ക് ഇതിനോടകം 40 മില്യൺ വ്യൂസാണ് ലഭിച്ചത്. യുവാവ് തന്റെ കെെയിലെ മാഗി എന്ന് എഴുതിയിരിക്കുന്ന ഒരു മഞ്ഞ നിറത്തിലുള്ള കാപ്സ്യൂൾ കാണിക്കുന്നതും അത് തിളച്ച വെള്ളത്തിൽ ഇടുന്നതും വീഡിയോയിൽ കാണാം. പിന്നാലെ അത് നൂഡിൽസായി മാറുന്നു. ഇത് കൊതിയോടെ യുവാവ് കഴിക്കുന്നതും വീഡിയോയിൽ ഉണ്ട്.
വീഡിയോ വെെറലായതിന് പിന്നാലെ കമ്പനി അധികൃതർ പ്രതികരണവുമായി രംഗത്തെത്തി. 'ദയവായി ഏപ്രിൽ ഫൂൾ മറ്റ് മാസങ്ങളിൽ ആഘോഷിക്കരുത് ' എന്നാണ് അധികൃതർ പറഞ്ഞത്. വീഡിയോയ്ക്ക് താഴെ 'മാഗി ഇന്ത്യ'യുടെ ഔദ്യോഗിക പേജിൽ നിന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഇത് ഒരു എഐ വീഡിയോയാണെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.