'ഇന്നൊരു കാര്യം ചെയ്യുന്നുണ്ട്, പ്രാർത്ഥിക്കണം'; കുറ്റകൃത്യം നടന്ന അന്ന് സുനി ശ്രീലക്ഷ്മിയെ വിളിച്ചു, വെളിപ്പെടുത്തി ഭർത്താവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി കുറ്റകൃത്യം നടത്തുന്നതിന് മുമ്പ് ശ്രീലക്ഷ്മി എന്ന പേരുള്ള ഒരു യുവതിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ശ്രീലക്ഷ്മിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ, പൾസർ സുനി ബസ് ഡ്രൈവറായിരുന്ന സമയത്തുള്ള സുഹൃത്താണ് ശ്രീലക്ഷ്മിയെന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. ശ്രീലക്ഷ്മിയുടെ ഭർത്താവ് ഒരു ചാനലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സുനി ബസ് ഡ്രൈവറായിരുന്ന സമയത്തെ സൗഹൃദമാണ് ശ്രീലക്ഷ്മിയുമായുള്ളത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് വിളിച്ചിരുന്നു. മൊബൈൽ ഫോൺ അടക്കം പരിശോധിച്ചിരുന്നെന്നും ശ്രീലക്ഷ്മിയുടെ ഭർത്താവ് പറഞ്ഞു. ഫോണും സിം കാർഡും അന്ന് തന്നെ പൊലീസിൽ എൽപ്പിച്ചിരുന്നു. കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് മനസിലാക്കിയ ശേഷമാണ് ഞങ്ങളെ ഒഴിവാക്കിയത്. കേസുമായി ബന്ധപ്പെട്ട് വിളിപ്പിച്ചപ്പോഴൊക്കെ സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഇതുവരെ ഫോൺ തിരിച്ചു ചോദിച്ചിട്ടില്ല. സുനി ബസ് ഡ്രൈവറായിരുന്നപ്പോൾ ശ്രീലക്ഷ്മിയുമായി സൗഹൃദമുണ്ടായിരുന്നു. കുറ്റകൃത്യം നടന്ന അന്ന് ഇന്നൊരു കാര്യം ചെയ്യുന്നുണ്ടെന്നും പ്രാർത്ഥിക്കണമെന്നും സുനി പറഞ്ഞിരുന്നു. ശ്രീലക്ഷ്മിയെ ഫോണിൽ പൾസർ സുനി വിളിച്ചാണ് ഇക്കാര്യം പറഞ്ഞത്. എന്താണ് സംഭവമെന്ന് അറിയാനുള്ള ക്യൂരിയോസിറ്റിയുടെ പുറത്താണ് ശ്രീലക്ഷ്മി പൾസർ സുനിയെ പലതവണ വിളിക്കുകയും മേസേജ് അയക്കുകയും ചെയ്തത്'- ശ്രീലക്ഷ്മിയുടെ ഭർത്താവ് പറഞ്ഞു.