രാഹുൽ ഈശ്വറിന് ജാമ്യം; പുറത്തിറങ്ങുന്നത് പതിനാറ് ദിവസത്തിന് ശേഷം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ബലാത്സംഗപരാതി നൽകിയ യുവതിയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.
അറസ്റ്റിലായി 16 ദിവസത്തിന് ശേഷമാണ് രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചത്. അറിഞ്ഞുകൊണ്ടൊരു തെറ്റും ചെയ്‌തിട്ടില്ലെന്നും കുറ്റം ആവർത്തിക്കില്ലെന്നും രാഹുൽ കോടതിയിൽ പറഞ്ഞു. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദേശിച്ചു.
സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്.
രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി അതിജീവിത നൽകിയ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തത്.നേരത്തെ കോടതിയിൽ കൊണ്ടുവരുമ്പോഴും ആശുപത്രിയിലേക്ക് മാറ്റിയപ്പോഴും ജയിലിലേക്ക് കൊണ്ടുപോകുമ്പോഴുമെല്ലാം കസ്റ്റഡി അന്യായമാണെന്ന് രാഹുൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞിരുന്നു.