നിർമ്മാണം പ്രകൃതിയെ തകർക്കരുത്: ജി.ശങ്കർ

Monday 15 December 2025 3:55 PM IST

കൊച്ചി: പ്രകൃതിയെ തകർക്കാത്തതും ഭൂമിയെ വേദനിപ്പിക്കാത്തതുമായ പരിസ്ഥിതിക്ക് അനുയോജ്യമായ കെട്ടിടനിർമ്മാണരീതി അനിവാര്യമാണെന്ന് പദ്മശ്രീ ജേതാവും ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് സ്ഥാപകനുമായ ആർക്കിടെക്ട് ഡോ.ജി.ശങ്കർ. കേരള മാനേജ്‌മെന്റ് അസോസിയേഷനിൽ ഹരിത കെട്ടിടങ്ങൾക്കപ്പുറം സുസ്ഥിരതയെന്നാൽ ജീവിതരീതി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിക്ക് ശാന്തിയും സമാധാനവുമുണ്ടാകുമ്പോഴാണ് മനുഷ്യനും ജീവിതത്തിനും സമാധാനമുണ്ടാകുന്നത്. വൃത്തിയുള്ള അടുക്കളയും ശുചിമുറികളുമാണ് ആദ്യമുണ്ടാകേണ്ടത്. സുസ്ഥിരത ജീവിതത്തിന്റെ ഭാഗമാക്കിയാലേ പിടിച്ചു നിൽക്കാൻ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റും പ്രോഗ്രാം ചെയറുമായ ദിലീപ് നാരായണൻ, ജോയിന്റ് സെക്രട്ടറി ലേഖ ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.