വഴിത്തിരിവായത് അവസാന ഓവർ, ഗംഭീർ സഞ്ജുവിനോട് പറഞ്ഞയച്ച ആ സന്ദേശം ഫലിച്ചു!
ധർമ്മശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി-20യിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നടത്തിയ തന്ത്രം ടീമിന് മുൻതൂക്കം നൽകിയെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പ്രോട്ടീസ് ബാറ്റിംഗ് നിര ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നന്നായി പതറി. കളിയുടെ അവസാന ഓവറിൽ കൂടുതൽ റൺസ് നേടാൻ പ്രോട്ടീസിന്റെ വാലറ്റം ശ്രമിക്കുന്നതിനിടെയാണ് നിർണായകമായ ആ മാറ്റം സംഭവിച്ചത്.
അവസാന ഓവർ എറിയാൻ ഹാർദിക് പാണ്ഡ്യ തയ്യാറെടുക്കവെ ഗംഭീർ മലയാളിതാരം സഞ്ജു സാംസണെ വിട്ട് ഒരു സന്ദേശം ടീമിലേക്ക് കൈമാറിയതാണ് ചർച്ചയാകുന്നത്. തുടർന്ന് ക്യാപ്ടൻ സൂര്യകുമാർ യാദവ് ഹാർദിക്കിനെ മാറ്റി കുൽദീപ് യാദവിനെ ബൗളിംഗ് നൽകാൻ തീരുമാനിച്ചു. ഈ തീരുമാനം ആദ്യം എല്ലാവരെയും അമ്പരപ്പിച്ചുവെങ്കിലും ഫലം പെട്ടെന്നാണ് ഉണ്ടായത്.
അവസാന ഓവറിൽ നിർണായകമായ രണ്ടു വിക്കറ്റുകളാണ് ഗംഭീറിന്റെ തന്ത്രത്തിലൂടെ കുൽദീപ് വീഴ്ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏഴുവിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ആൾഔട്ടായപ്പോൾ ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ലക്ഷ്യത്തിലെത്തിയത്.