ചലച്ചിത്രമേളയിൽ പ്രതിസന്ധി, 19 സിനിമകളുടെ പ്രദർശനങ്ങൾക്ക് അനുമതി നിഷേധിച്ചു

Monday 15 December 2025 6:55 PM IST

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രതിസന്ധി. സെൻസറിംഗ് എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കത്തതിനാൽ 19 ചിത്രങ്ങളുടെ പ്രദർശനം പ്രതിസന്ധിയിൽ. ഇന്നലെയും ഇന്നുമായി ഏഴ് ചിത്രങ്ങളുടെ പ്രദർശനങ്ങളാണ് മുടങ്ങിയത്. നാളെ എട്ട് ചിത്രങ്ങളുടെ പ്ര‌‌ദർശനങ്ങൾ കൂടി മുടങ്ങിയേക്കും. പലസ്തീൻ പാക്കേജിലുള്ള മൂന്ന് സിനിമകൾക്ക് പ്രദർശനാനുമതി ലഭിച്ചിട്ടില്ല.

സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം നൽകുന്ന സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. അനുമതി നൽകാത്തത് മേള അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ആരോപിച്ചു. പേര് കണ്ട് ചിത്രങ്ങൾക്ക് അനുമതി നിഷേധിക്കരുതെന്ന് അടൂർ ഗോപാലകൃഷ്ണനും ആവശ്യപ്പെട്ടു.

'ഇതിലെ പല ചിത്രങ്ങളും ഞാൻ കണ്ടിട്ടുള്ളതാണ്. പ്രദർശനാനുമതി നിഷേധിക്കണ്ട യാതൊരു ആവശ്യവുമില്ല. 'ബാറ്റിൽഷിപ്പ് പൊട്ടെം കിൻ' പോലുള്ള സിനിമകൾ, ലോക സിനിമയുടെ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടവയാണ്. ഇതൊന്നും കാണിക്കരുത് എന്ന് പറയുന്നത് വിവരക്കേടാണ്. 'ബീഫ്' എന്ന് പേരുള്ള സിനിമയുടെ അർത്ഥം എല്ലാവരും ബീഫ് കഴിക്കണം എന്നല്ല. 'ബീഫ്' എന്നത് ഒരു പ്രയോഗമാണ്. അതിൽ ബീഫിനെപ്പറ്റിയല്ല പറയുന്നത്. വെറും ടൈറ്റിൽ കണ്ടിട്ട് വിരളേണ്ട ആവശ്യമില്ല'- അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

അതേസമയം സംവിധായകൻ ടി.വി. ചന്ദ്രനും അനുമതി നിഷേധിക്കപ്പെട്ട സിനിമകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. കൊൽക്കത്തയിൽ സമാനമായ അനുഭവം ഉണ്ടായിരുന്നെങ്കിലും ആസിനിമകൾ അവിടെ പ്രദർശിപ്പിച്ചിരുന്നു. മമതാ ബാനർജി അന്ന് കാണിച്ച അതേ ധൈര്യം പിണറായി വിജയനും കാണിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ പൊയറ്റ് അൺകൺസീൽഡ് പൊയട്രി, ഓൾ ദാറ്റ് ലെഫ്റ്റ് ഓഫ് യു, ബമാക്കോ, ബാറ്റിൽഷിപ്പ് പൊട്ടെം കിൻ, ബീഫ്, ക്ലാഷ്, ഈഗിൾസ് ഓഫ് റിപ്ലബിക്ക് , വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, പലസ്തീൻ 36, റെഡ്റെയിൻ, റിവർസ്റ്റോൺ, ദി അവർ ഓഫ്ദി ഫർൺസസ്, ടണൽസ്: സൺ ഇൻ ദി ഡാർക്ക്, യെസ്, ഫ്ലെയിംസ്, ടിംബക്റ്റു, വാജിബ് തുടങ്ങിയ സിനിമകളാണ് സെൻസറിംഗ് എക്സംപ്ഷനൽ സർട്ടിഫിക്കറ്റ് ലഭിക്കത്തതിനെ തുടർന്ന് ഒഴിവാക്കിയത്.