16കാരന് സ്ത്രീകളുമായി ഇടപഴകേണ്ടിവരുന്നതില്‍ ഭയം; 'രക്ഷപ്പെടാന്‍' പതിവാക്കിയത് ഈ ശീലങ്ങള്‍

Monday 15 December 2025 8:09 PM IST

കിഗാലി: പലതരം ഭയങ്ങളുള്ള മനുഷ്യന്മാർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സ്ത്രീകളെ പേടിച്ച് സ്വന്തം വീട്ടിൽ 55 വർഷമായി സ്വയം തടവറയിൽ കഴിയുന്ന ഒരു മനുഷ്യന്റെ കഥ കേട്ടിട്ടുണ്ടോ? ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ നിന്നുള്ള 71 കാരനായ കത്‌സെ സംവിറ്റയാണ് അത്തരമൊരു അപൂർവ്വ ജീവിതം നയിക്കുന്നത്.

സ്ത്രീകളുമായി ഇടപെഴകേണ്ടി വരുമോ എന്ന ഭയം കാരണം, തന്റെ 16ാം വയസു മുതലാണ് സംവിറ്റ വീടുവിട്ട് പുറത്തിറങ്ങാതായത്. സ്ത്രീകളെ തന്റെ വീട്ടിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാനായി ഇദ്ദേഹം 15 അടി ഉയരമുള്ള വേലി കെട്ടിയതും ഈ ഭയം കാരണമാണ്. അ‌ഞ്ചര പതിറ്റാണ്ടോളം നീണ്ട ഏകാന്തവാസമാണ് സംവിറ്റയുടെ ജീവിതം വിചിത്രമാക്കുന്നത്.

എന്നാൽ കഥയിലെ ഏറ്റവും വിചിത്രമായ മറ്റൊരു കാര്യം സംവിറ്റയെ ഇന്നും ജീവനോടെ നിലനിർത്തുന്നത് ആ ഗ്രാമത്തിലെ സ്ത്രീകൾ തന്നെയാണ് എന്നതാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ അയൽക്കാരായ സ്ത്രീകൾ. ഇവർ കൊണ്ടുവരുന്ന ഭക്ഷണം മുറ്റത്തേക്ക് അദ്ദേഹത്തിന് എറിഞ്ഞുകൊടുക്കുകയാണ് പതിവ്.

സ്ത്രീകൾ പോയ ശേഷം മാത്രമാണ് വീട്ടിൽ നിന്ന് പുറത്തുവരുന്ന സംവിറ്റ ആ ഭക്ഷണമെല്ലാം എടുത്തുകൊണ്ട് വീണ്ടും അകത്തൊളിക്കുക. വീടിനടുത്ത് ഏതെങ്കിലും സ്ത്രീകളെ കണ്ടാൽ ഉടൻ തന്നെ വാതിലടച്ച് അകത്തിരിക്കും. എല്ലാവരും പോയി എന്ന് ഉറപ്പുവരുത്തിട്ടു മാത്രമേ ഇദ്ദേഹം വീണ്ടും വീടിന്റെ വാതിൽ തുറക്കുകയുള്ളൂ.

മനഃശാസ്ത്രജ്ഞരുടെ റിപ്പോർട്ടുകൾ പ്രകാരം സംവിറ്റയ്ക്ക് 'ഗൈനോഫോബിയ' എന്ന മാനസികാവസ്ഥയാണുള്ളത്. സ്ത്രീകളോടുള്ള യുക്തിക്ക് നിരക്കാത്ത ഭയമാണ് ഗൈനോഫോബിയ. എന്നാൽ ഈ രോഗാവസ്ഥയെ മാനസിക രോഗങ്ങളുടെ 'ഡയഗ്‌നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവലിൽ' ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നിരുന്നാലും ക്ലിനിക്കൽ വിദഗ്‌ദ്ധർ ഇതിനെ ഒരു ഫോബിയ ആയിട്ടാണ് കണക്കാക്കുന്നത്.

സ്ത്രീകളെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയാണ് ഇതിന്റെ പ്രധാന ലക്ഷണം. നെഞ്ചിടിപ്പ് കൂടുക, അമിതമായി വിയർക്കുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, പരിഭ്രാന്തി ഉണ്ടാവുക എന്നിവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ.