അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ 5,​ ബേപ്പൂർ ഒരുങ്ങുന്നു

Tuesday 16 December 2025 12:49 AM IST
ബേപ്പൂർ മറീന ബീച്ച്

ബേപ്പൂർ: ബേപ്പൂർ പെരുമയുടെ മാറ്റുകൂട്ടുവാൻ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 5 ഒരുങ്ങുന്നു. ഈ മാസം 26 മുതല്‍ 28 വരെയാണ് ഫെസ്റ്റ് അരങ്ങേറുക. ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, നല്ലളം അബ്ദുറഹ്‌മാന്‍ പാര്‍ക്ക് എന്നിവിടങ്ങൾ വേദിയാവും. 25 മുതല്‍ 29 വരെ ബേപ്പൂരില്‍ ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കും. കൈറ്റ് ഫെസ്റ്റ്, കപ്പലുകളുടെയും നാവിക സാങ്കേതിക വിദ്യയുടെയും പ്രദര്‍ശനം, ജലസാഹസിക പ്രകടനങ്ങള്‍, ബീച്ച് സ്‌പോര്‍ട്‌സ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, കലോത്സവം തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും. മുഖ്യ ആകര്‍ഷകമായ കൈറ്റ് ഫെസ്റ്റിവലില്‍ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കാളികളാകും. ഫെസ്റ്റിന് മുന്നോടിയായി ഡിസംബര്‍ 25ന് കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് സൈക്കിള്‍ റാലിയും 28ന് ചാലിയത്തുനിന്ന് ബേപ്പൂരിലേക്ക് മാരത്തോണും സംഘടിപ്പിക്കും. ബീച്ച് സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ ഭാഗമായ കബഡി, ബീച്ച് ഫുട്‌ബോള്‍, ബീച്ച് വോളിബോള്‍ മത്സരങ്ങള്‍ യഥാക്രമം ഈ മാസം 22, 23, 24 തീയതികളില്‍ നടക്കും. ചെസ് മത്സരം, കളരി, കരാട്ടെ, മാര്‍ഷല്‍ ആര്‍ട്‌സ് ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവയും ഉണ്ടാകും.

കയാക്കിംഗ് മുതൽ ഡിങ്കി ബോട്ട് റേസ് വരെ

വിപുലമായ ജലസാഹസിക-കായിക പ്രകടനങ്ങളാണ് ഇത്തവണ ഫെസ്റ്റിന്റെ ഭാഗമാകുക. കയാക്കിംഗ്, സെയിലിംഗ്, ഡ്രാഗണ്‍ ബോട്ട് റേസ്, സര്‍ഫിംഗ്, സ്റ്റാന്‍ഡ് അപ്പ് പാഡലിംഗ്, ജെറ്റ് സ്‌കി, ഫ്‌ളൈ ബോര്‍ഡ്, ഡിങ്കി ബോട്ട് റേസ്, കണ്‍ട്രി ബോട്ട് റേസ് എന്നിവ 26 മുതല്‍ 28 വരെ നടക്കും. റെസിഡന്‍ഷ്യല്‍ കലോത്സവം, കുടുംബശ്രീ കലോത്സവം എന്നിവയുടെ ഭാഗമായി വിവിധ വേദികളിലായി സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, കോമഡി സ്‌കിറ്റ്, നൊസ്റ്റാള്‍ജിക് ഡാന്‍സ്, ഒപ്പന, തിരുവാതിരകളി, കോല്‍ക്കളി, നാടന്‍പാട്ട് തുടങ്ങിയവ അരങ്ങേറും. സ്‌കൂള്‍ കലോത്സവ ജേതാക്കളുടെ പരിപാടികള്‍, ഭിന്നശേഷി കുട്ടികള്‍, മ്യൂസിക് സ്‌കൂളുകള്‍, വയോജനങ്ങള്‍ എന്നിവരുടെ കലാപരിപാടികള്‍, പ്രാദേശിക നാടകങ്ങള്‍, കുട്ടികള്‍ക്കായുള്ള മാജിക് ഷോ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.