കുർബാനയും മാമോദീസയും ആശങ്കയിൽ ബസിലിക്കയിൽ വീണ്ടും സംഘർഷ ക്രിസ്‌മസ് കാലം

Monday 15 December 2025 9:57 PM IST

കൊച്ചി: മൂന്നുവർഷം മുമ്പ് ക്രിസ്‌മസ് തലേന്ന് അൾത്താരയിൽ വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെത്തുടർന്ന് അടച്ചിട്ട എറണാകുളം സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രലിൽ 1,100 ദിവസങ്ങൾക്കുശേഷം പുനരാരംഭിച്ച കുർബാന വീണ്ടും മുടങ്ങിയത് വിശ്വാസികളെ പ്രതിസന്ധിയിലാക്കി. ഒരുവിഭാഗം തുടരുന്ന പ്രതിഷേധത്തിൽ ക്രിസ്മസ് ശുശ്രൂഷകളും വൈദികപ്പട്ടവും ഉൾപ്പെടെയുള്ള ചടങ്ങുകൾ മുടങ്ങുന്ന സ്ഥിതിയായി.

2022 ഡിസംബർ 23, 24 തീയതികളിൽ ജനാഭിമുഖ, അൾത്താര അഭിമുഖ കുർബാനകളെ അനുകൂലിക്കുന്നവർ തമ്മിലുണ്ടായ സംഘർഷത്തിലാണ് ബസിലിക്ക അടച്ചുപൂട്ടിയത്. ഏകീകൃത കുർബാന നടപ്പാക്കിയെങ്കിലും ഈ മാസം ഒന്നിനാണ് കുർബാന പുനരാരംഭിച്ചത്. വൺ ചർച്ച് വൺ കുർബാന മൂവ്‌മെന്റ് പ്രവർത്തകർ ബസിലിക്കയ്ക്കുള്ളിൽ പത്താംതീയതി കുത്തിയിരിപ്പ് ആരംഭിച്ചതോടെ കുർബാന വീണ്ടുംമുടങ്ങി. ആറുദിവസം പിന്നിട്ട പ്രതിഷേധം തുടരുകയാണ്.

ക്രിസ്മസ് ഉൾപ്പെടെ ബസിലിക്കയിൽ നിശ്ചയിച്ച നിരവധി പരിപാടികൾ സമരം തുടർന്നാൽ തടസപ്പെടും. 24ന് രാത്രി 11.30ന് ക്രിസ്മസ് കുർബാന മേജർ ആർച്ച് ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ നിശ്ചയിച്ചിട്ടുണ്ട്. 27ന് 16 ഡീക്കന്മാർക്ക് വൈദികപട്ടം നൽകുന്ന ചടങ്ങും അതിരൂപതാ ആസ്ഥാന ദേവാലയമായ ബസിലിക്കയിലാണ്.

ക്രിസ്മസ് നോമ്പിനുശേഷം വിവാഹം, മാമോദിസ, ആദ്യകുർബാന തുടങ്ങിയവയും നിശ്ചയിച്ചിട്ടുണ്ട്. ഇവ ബസിലിക്കയിൽ നടത്താൻ കഴിയാതെ വരുമോയെന്നാണ് വിശ്വാസികളുടെ ആശങ്ക.

ഒത്തുതീർപ്പിന് ആരുമില്ല

ഏകീകൃത കുർബാന മാത്രമേ അർപ്പിക്കാവൂവെന്ന് ആവശ്യപ്പെട്ട് തുടരുന്ന പ്രതിഷേധം ഒത്തുതീർക്കേണ്ടത് അതിരൂപതയുടെയും പ്രതിഷേധക്കാരുടെയും ആവശ്യമായി മാറിയെങ്കിലും ഇടപെടാൻ ആരുമില്ല. സഭാതലവൻ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, അതിരൂപതയുടെ ചുമതലയുള്ള ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി എന്നിവർ വത്തിക്കാനിലായതിനാൽ ചർച്ച നടന്നിട്ടില്ല. അതിരൂപത ഭരണസമിതി ചർച്ചയ്‌ക്ക് തയ്യാറല്ല.

2022ൽ സംഭവിച്ചത്

ഡിസംബർ 23ന് ആരംഭിച്ച സംഘർഷം 24 ഉച്ചവരെ നീണ്ടു. അൾത്താരയിൽ കടന്നുകയറിയ സംഘം കുർബാനപുസ്തകം, ബൈബിൾ, തിരുവോസ്തി, കാസ എന്നിവ വലിച്ചെറിഞ്ഞു. വൈദികർക്കെതിരെ കൈയേറ്റത്തിനും ശ്രമിച്ചു. ഇരുവിഭാഗത്തെയും പൊലീസ് പുറത്താക്കി ബസിലിക്ക അടച്ചിട്ടു.

ബസിലിക്കയിലെത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെയും തടഞ്ഞു. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന 11 വൈദികർക്ക് മർദ്ദനമേറ്റു.