വൈക്കോൽ തുണ്ടിൽ പിറന്ന ദേശീയ അവാർഡ്

Tuesday 16 December 2025 1:11 AM IST

തിരുവനന്തപുരം: കൊയ്ത്തിന് ശേഷം പാടത്ത് ഉപേക്ഷിക്കുന്ന വൈക്കോൽ തുണ്ടുകളിൽ നിന്ന് ദേശീയ പുരസ്‌കാരനേട്ടം കൈവരിച്ചിരിക്കുകയാണ് കൊല്ലം കടവൂർ ചെങ്കിലാത്തു വിളയിൽ കെ.സുലൈമാൻകുട്ടി. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം മികച്ച കരകൗശല കലാകാരന്മാർക്ക് നൽകുന്ന രണ്ടു ലക്ഷം രൂപ സമ്മാനത്തുകയുള്ള ദേശീയ പുരസ്ക‌ാരമാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് സുലൈമാൻ കുട്ടി ഏറ്റുവാങ്ങിയത്.

ആറ് പതിറ്റാണ്ടുമുമ്പാണ് കടവൂരിൽ വൈക്കോൽ ചിത്രകല എത്തിയത്. പിന്നീട് കുടിൽവ്യവസായം പോലെ ഇത് വളർന്നു. മൂന്നര പതിറ്റാണ്ട് മുമ്പ് 10-ാം ക്ലാസ് പഠനം കഴിഞ്ഞാണ് സുലൈമാൻകുട്ടി വൈക്കോൽ ചിത്രകാരനായ വയലിൽ ഷംസുദീനിൽ നിന്ന് കല പഠിച്ചത്. പിന്നീട് സ്വന്തമായി യൂണിറ്റ് തുടങ്ങി.

നൂറുകണക്കിന് കലാസൃഷ്ടികളാണ് വൈക്കോൽ കൊണ്ട് അദ്ദേഹം നിർമ്മിച്ചത്. സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. ആയിരത്തിലധികം പേർ തൊഴിൽ ചെയ്തിരുന്ന ഈ മേഖലയിൽ ഇപ്പോൾ ചുരുക്കം പേർ മാത്രമേയുള്ളൂ. അന്യം നിന്നുപോകുന്ന കല സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഇദ്ദേഹം നടത്തുന്നത്. ചിത്രനിർമ്മാണ രംഗത്ത് സഹായവുമായി ഭാര്യ റീനയും മക്കളായ സുമയ്യയും സുധിനയും ഒപ്പമുണ്ട്.

 നിറം ചേർക്കാത്ത ചിത്രങ്ങൾ

കാൻവാസിലെ ചിത്രത്തിന് മുകളിൽ വയ്ക്കോൽ വെട്ടിയൊട്ടിച്ചാണ് നിർമ്മാണം. ഗൂന്ത് എന്ന പശയാണ് ഉപയോഗിക്കുന്നത്. വൈക്കോലിൽ യാതൊരു നിറവും ചേർക്കാറില്ല. മുറിച്ചെടുത്ത വൈക്കോൽ സൂക്ഷിച്ചു വയ്‌ക്കുന്നതനുസരിച്ച് നിറത്തിന് സ്വാഭാവികമായി വ്യത്യാസം വരും. ഇതാണ് ചിത്രങ്ങൾക്ക് ഉപയോഗിക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലുള്ള അനന്തശയനം ചിത്രത്തിനാണ് സുലൈമാൻകുട്ടിക്ക് പുരസ്‌കാരം ലഭിച്ചത്. 36 ഇഞ്ച് നീളവും 24 ഇഞ്ച് വീതിയുമുള്ള ഈ ചിത്രത്തിന് മൂന്ന് മാസത്തെ അദ്ധ്വാനം വേണ്ടിവന്നു.