ശിവഗിരി തീർത്ഥാടന കാലത്തിന് തുടക്കം
ശിവഗിരി : 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള തീർത്ഥാടന കാലത്തിന് തുടക്കമായി. ആത്മീയ സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയാൽ ഇനിയുള്ള നാളുകൾ ശിവഗിരി സജീവമാകും.
ഇന്നലെ രാവിലെ 6ന് ശിവഗിരി മഹാസമാധി സന്നിധിയിൽ തിരുവവതാര മുഹൂർത്ത പ്രാർത്ഥന നടന്നു. ഗുരുപൂജ ഹാളിനു സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി പരാനന്ദ ഭദ്രദീപം തെളിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്ന തീർത്ഥാടനകാല സമ്മേളനം -ശിവഗിരി തീർത്ഥാടനം : ലക്ഷ്യവും സാക്ഷാത്കാരവും അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോകം ദർശിച്ച മഹാന്മാരിൽ മുൻനിരയിലാണ് ശ്രീനാരായണഗുരുദേവനെന്ന് ഗുരുദേവനെ ശിവഗിരിയിലെത്തി സന്ദർശിച്ച വിശ്വ പ്രതിഭകൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് വി. ജോയി പറഞ്ഞു. ശ്രീനാരായണസാംസ്‌കാരിക വേദി പ്രസിഡന്റ് രതീഷ് ജെ.ബാബു മുഖ്യാഥിതിയായിരുന്നു. ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രസ്റ്റ് ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, സ്വാമി ദേവാത്മജാനന്ദ, സ്വാമി ശിവനാരായണ തീർത്ഥ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം ജയപ്രകാശൻ, സെക്രട്ടറി അജി.എസ്.ആർ.എം, മുൻ എം.എൽ.എ വർക്കല കഹാർ, അഡ്വ. സ്മിത സുന്ദരേശൻ, കെ.എം. ലാജി, ഡോ.പി.ചന്ദ്രമോഹൻ, ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ, അരുൺ കുമാർ(യുവജനവേദി), ജി.ഡി.പി.എസ്.രജിസ്ട്രാർ കെ.ടി.സുകുമാരൻ, പി.ആർ.ഒ ഡോ. സനൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറിയും തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി സ്വാഗതവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.
അദ്വൈത ദർശനത്തെ ഗുരുദേവൻ മനുഷ്യ നിഷ്ഠമാക്കി
നിശ്ചലമായിരുന്ന അദ്വൈത ദർശനത്തെ പ്രായോഗിക വേദാന്ത ദർശനമായി അവതരിപ്പിച്ച് മനുഷ്യ നിഷ്ഠമാക്കിയതാണ് ഗുരുദേവ അവതാര കൃത്യനിർവ്വഹണത്തിന്റെ ഏറ്റവും മഹത്തായ സംഭാവനയെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയിൽ 93-ാമത് ശിവഗിരി തീർത്ഥാടന കാലത്തിന് തുടക്കം കുറിച്ച് നടന്ന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു സ്വാമി . അദ്വൈത വേദാന്ത ദർശനം ശങ്കരാചാര്യർ തത്വതികമായി അവതരിപ്പിച്ചെങ്കിലും അത് ജനകീയമായിരുന്നില്ല. ആത്മീയവും ഭൗതികവുമായ സമഗ്ര പുരോഗതി കൈവരിക്കുമ്പോഴാണ് മനുഷ്യ ജീവിതം അർത്ഥപൂർണ്ണമാകുന്നത് . തത്വ ദർശനം പ്രവാഹമാണ് . ആ പ്രവാഹം ഗുരുദേവനിൽ വന്നെത്തിയപ്പോൾ നിശ്ചലതയിൽ നിന്നും ഗുരുദേവൻ അദ്വൈത ദർശനത്തെ ജനകീയവും ചലനാത്മകവുമാക്കി. അരുവിപ്പുറം പ്രതിഷ്ഠയും ശിവഗിരി മഠം സ്ഥാപിക്കുന്നതും സന്യാസി സംഘം സ്ഥാപിക്കുന്നതും എസ്.എൻ.ഡി.പി യോഗം സ്ഥാപിക്കുന്നതും ക്ഷേത്രങ്ങളും ആശ്രമങ്ങളും പണിതുയർത്തിയതും ശിവഗിരി തീർത്ഥാടനം വിഭാവനം ചെയ്തതുമെല്ലാം അദ്വൈത വേദാന്ത ദർശനത്തിന്റെ ജനകീയ ഭാവമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഫോട്ടോ: 93-ാമത് ശിവഗിരി തീർത്ഥാടന ലോഗോ
ശിവഗിരിയിൽ 93-ാമത് ശിവഗിരി തീർത്ഥാടന കാലത്തിന് തുടക്കം കുറിച്ച് നടന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷ പ്രഭാഷണം നടത്തുന്നു