റെക്കാഡ് പുതുക്കി രൂപയുടെ മൂല്യത്തകർച്ച

Tuesday 16 December 2025 12:31 AM IST

കൊച്ചി: ഇന്ത്യൻ വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡുകൾ പുതുക്കി താഴേക്ക് നീങ്ങുന്നു. അമേരിക്കയിലെ ഫെഡറൽ റിസർവ് വീണ്ടും പലിശ കുറച്ചേക്കുമെന്ന വാർത്തകളും സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് രൂപയ്ക്ക് വിൽപ്പന സമ്മർദ്ദം ശക്തമാക്കിയത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസയുടെ നഷ്‌ടത്തോടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യമായ 90.7ൽ അവസാനിച്ചു. ഇറക്കുമതി സ്ഥാപനങ്ങളും ബാങ്കുകളും ഡോളർ വാങ്ങൽ ശക്തമാക്കിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്. എന്നാൽ പ്രതിസന്ധി രൂക്ഷമായിട്ടും റിസർവ് ബാങ്ക് രൂപയ്ക്ക് പിന്തുണ നൽകാൻ തയ്യാറായില്ല. ഇന്ത്യയുടെ വ്യാപാര കമ്മി നവംബറിൽ ഗണ്യമായി കുറഞ്ഞത് രൂപയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്.