പന്തളവും പാലക്കാടും പോലെയല്ല തിരുവനന്തപുരം; പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിക്കുക വമ്പന്‍ പദ്ധതി?

Monday 15 December 2025 10:32 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരസഭയിലെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു നഗരസഭയില്‍ ഭരണം ലഭിച്ചാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തുമെന്നും വികസനരേഖ പ്രഖ്യാപിക്കുമെന്നും. താന്‍ തിരുവനന്തപുരത്തേക്ക് വരുമെന്ന് മോദി നേരിട്ട് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചു. മോദിയുടെ വരവ് വന്‍ ആഘോഷമാക്കാനും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക തുടക്കംകുറിക്കല്‍ ആക്കി മാറ്റാനും ആണ് ബിജെപി പദ്ധതി.

കേരളം രാഷ്ട്രീയമായി മാറി ചിന്തിക്കുന്നുവെന്നതിന്റെ സൂചനയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ തദ്ദേശ സ്ഥാപനത്തില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞത് എന്നാണ് ബിജെപി വിലയിരുത്തുന്നത്. തിരുവനന്തപുരം നഗരസഭയിലെ 101ല്‍ 50 സീറ്റിലാണ് ബിജെപി വിജയിച്ചത്. തിരുവനന്തപുരം നഗരസഭയില്‍ അധികാരത്തിലെത്തിയതിനെ വികസനപ്പെരുമഴ നടത്തി സംസ്ഥാനത്ത് മുഴുവന്‍ ആ മാതൃക മുന്‍നിര്‍ത്തി വോട്ട് ചോദിക്കുകയെന്ന തന്ത്രമാണ് ബിജെപി പയറ്റുക.

കേരളത്തില്‍ ഇതിന് മുമ്പ് രണ്ട് മുന്‍സിപ്പാലിറ്റികളിലാണ് ബിജെപി അധികാരത്തിലേറിയത്. അത് പാലക്കാട്, പന്തളം നഗരസഭകളാണ്. എന്നാല്‍ ഒരു കോര്‍പ്പറേഷനില്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. തലസ്ഥാന നഗരം എന്ന നിലയില്‍ തിരുവനന്തപുരത്ത് നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മറ്റ് രണ്ടിടത്തും കിട്ടാത്ത റീച്ച് കിട്ടുമെന്നും ബിജെപിക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി നേരിട്ടെത്തി വികസ രേഖ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്.

1897ല്‍ അഹമ്മദാബാദ് നഗരസഭ പിടിച്ചെടുത്തതാണ് ഗുജറാത്തിലെ തേരോട്ടത്തിന് തുടക്കം എന്ന പ്രധാനമന്ത്രിയുടെ ഓര്‍മിപ്പിക്കലും വെറും വാക്കല്ല. കേരളം പിടിക്കാനുള്ള കാലങ്ങളായുള്ള നീക്കത്തിന് ഊര്‍ജ്ജമാണ് തലസ്ഥാനത്തെ വിജയം അതുകൊണ്ട് തന്നെ മെഗാ പദ്ധതികള്‍ ഉള്‍പ്പെടെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം, തിരുവനന്തപുരം മെട്രോ എന്നീ പദ്ധതികളില്‍ ബിജെപി തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ വാഗ്ദാനങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ തിരുവനന്തപുരം മെട്രോ പദ്ധതി പ്രഖ്യാപിക്കാനുള്ള സാദ്ധ്യത ബിജെപി നേതൃത്വം തള്ളിക്കളയുന്നില്ല.