തീരുവയിൽ കുലുങ്ങാതെ ഇന്ത്യൻ കയറ്റുമതി മേഖല

Tuesday 16 December 2025 12:34 AM IST

നവംബറിൽ കയറ്റുമതി 23 ശതമാനം ഉയർന്നു

അമേരിക്കൻ കയറ്റുമതിയിലും കുതിപ്പ്

കൊച്ചി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ മറികടന്ന് രാജ്യത്തെ കയറ്റുമതി മേഖല കുതിക്കുന്നു. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകളനുസരിച്ച് നവംബറിൽ ഇന്ത്യയുടെ കയറ്റുമതി 23.15 ശതമാനം ഉയർന്ന് 3,813 കോടി ഡോളറായി. മുൻവർഷം ഇതേകാലളയളവിൽ കയറ്റുമതി 3,184 കോടി ഡോളറായിരുന്നു. പത്ത് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന കയറ്റുമതി മൂല്യമാണ് കഴിഞ്ഞ മാസം കൈവരിച്ചത്. അമേരിക്കയിലേക്ക് കയറ്റുമതി 22 ശതമാനം ഉയർന്ന് 697 കോടി ഡോളറായി.

എൻജിനിയറിംഗ് ഗുഡ്‌സ്, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ, ജെം ആൻഡ് ജുവലറി, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിലാണ് മികച്ച നേട്ടമുണ്ടായത്. നടപ്പുവർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള എട്ടു മാസത്തിൽ ഉത്പന്ന കയറ്റുമതി 2.62 ശതമാനം വർദ്ധനയോടെ 29,207 കോടി ഡോളറിലെത്തി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ രൂപയുടെ മൂല്യം കുറയുന്നതിനാൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമത ഉയരുകയാണ്.

ഇറക്കുമതിയിൽ ഇടിവ്

നവംബറിൽ ഇന്ത്യയിലെ ഉത്പന്ന ഇറക്കുമതി 1.88 ശതമാനം കുറഞ്ഞ് 6,266 കോടി ഡോളറായി. സ്വർണ ഇറക്കുമതി കഴിഞ്ഞ മാസം 60 ശതമാനം ഇടിഞ്ഞു, പെട്രോളിയം ഉത്പന്നങ്ങൾ, ഭക്ഷ്യ എണ്ണകൾ, കൽക്കരി എന്നിവയുടെയും ഇറക്കുമതി കുറഞ്ഞു. ഏപ്രിൽ മുതൽ നവംബർ വരെ ഇറക്കുമതി 5.59 ശതമാനം ഉയർന്ന് 51,521 കോടി ഡോളറിലെത്തി.

വ്യാപാര കമ്മി കുറഞ്ഞു

കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവായ വ്യാപാര കമ്മി നവംബറിൽ 2,453 കോടി ഡോളറായി കുറഞ്ഞു. മുൻവർഷം വ്യാപാര കമ്മി 3,193 കോടി ഡോളറായിരുന്നു.

അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ മറികടന്ന് കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വളർച്ച നേടാനായി

രാജേഷ് അഗർവാൾ

വാണിജ്യ സെക്രട്ടറി

സേവന കയറ്റുമതി

3,586 കോടി ഡോളർ