ലക്ഷം തൊടാൻ പവൻ വില

Tuesday 16 December 2025 12:35 AM IST

പവൻ വില 1,080 രൂപ വർദ്ധിച്ച് 99,280 രൂപയിൽ

ചരിത്ര നേട്ടം 720 രൂപ മാത്രം അകലെ

കൊച്ചി: രാജ്യാന്തര വിപണിയിലെ അനുകൂല ചലനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പവന് ഒരു ലക്ഷം രൂപയിലേക്ക് കുതിക്കുന്നു. ചരിത്ര നേട്ടത്തിലേക്ക് കേവലം 720 രൂപ മാത്രം അകലെയാണ് വില ഇപ്പോൾ. ഇന്നലെ പവൻ വില 1,080 രൂപ ഉയർന്ന് 99,280 രൂപയിലെത്തി. രാവിലെ 600 രൂപയും ഉച്ചയ്ക്ക് ശേഷം 480 രൂപയുമാണ് പവന് കൂടിയത്. ഗ്രാമിന്റെ വില 135 രൂപ ഉയർന്ന് 12,410 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 47 ഡോളർ വർദ്ധിച്ച് 4,346 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 90.72 വരെ താഴ്ന്നതും സ്വർണ വില വർദ്ധനയുടെ തോത് ഉയർത്തി.

രാജ്യാന്തര വിപണിയിൽ ഔൺസിന് 50 ഡോളർ വർദ്ധിച്ചാൽ കേരളത്തിൽ പവൻ വില ഒരു ലക്ഷം രൂപയെന്ന മാന്ത്രിക സംഖ്യ തൊടുമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്‌ദുൽ നാസർ പറഞ്ഞു.

വെള്ളി വില മൾട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ചിൽ ഇന്നലെ കിലോഗ്രാമിന് രണ്ടു ലക്ഷം രൂപ കവിഞ്ഞു. വ്യാവസായിക മേഖലയിൽ നിന്നുള്ള ആവശ്യമേറുന്നതാണ് വെള്ളി വില ഉയർത്തുന്നത്.

സ്വർണ വിലക്കുതിപ്പിന് പിന്നിൽ

1. അമേരിക്കയിൽ മുഖ്യ പലിശ നിരക്ക് വീണ്ടും കുറയാനുള്ള സാദ്ധ്യത

2. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ പണമൊഴുക്കുന്നു

3. ഡോളറിന് ബദലായി വിവിധ കേന്ദ്ര ബാങ്കുകൾ സ്വർണശേഖരം ഉയർത്തുന്നു

4. ഉക്രെയിൻ യുദ്ധം യൂറോപ്പിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ശക്തമാകുന്നു