രാമനാട്ടുകരയിൽ ആരാകും മുനിസിപ്പൽ ചെയർമാൻ?
രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിൽ യു.ഡി.എഫ് ഭരണം നിലനിർത്തിയതോടെ നഗരസഭാ ചെയർമാനായി ആരുവരും എന്നതാണ് രാഷ്ട്രീയ ചർച്ച. പലരുടേയും പേരുകൾ ഉയരുന്നുണ്ടെങ്കിലും നഗരസഭാ ചെയർമാനെ സംബന്ധിച്ച് മുന്നണിയിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്. 32 ൽ 23 ഡിവിഷനുകൾ നേടിയ യു.ഡി.എഫിൽ 15 അംഗങ്ങളുള്ള മുസ്ലിംലീഗാണ് ഒന്നാം സ്ഥാനത്ത്. അതുകൊണ്ടുതന്നെ ലീഗിന്റെ പ്രതിനിധി തന്നെയാകും നഗരസ ഭാ ചെയർമാനാവുക. പരുത്തിപ്പാറ ഒന്നാം വാർഡിൽ വിജയിച്ച എം.കെ.മുഹമ്മദലി കല്ലട, കരിങ്കല്ലായി രണ്ടാം വാർഡിൽ ജയിച്ച കെ.കെ. മുഹമ്മദ്കോയ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. വൈസ് ചെയർപേഴ്‌സൺ പദവി കോൺഗ്രസിനാണ്. 22-ാം വാർഡ് തിരിച്ചിലങ്ങാടിയിൽ ജയിച്ച മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.മിഥുഷയുടെയും രാമനാട്ടുകര ടൗൺ എട്ടാം വാർഡിൽ ജയിച്ച ടി.സുമതിയുടെ പേരും കോൺഗ്രസ് പരിഗണിക്കുന്നതായാണ് അറിവ്. 21 ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കു ശേഷമായിരിക്കും തീരുമാനം.