കോൺഗ്രസ് പരാജയപ്പെട്ടതിൽ വിമർശനവുമായി അണികൾ
മുക്കം: മുക്കം നഗരസഭയിലും തൊട്ടടുത്ത കാരശ്ശേരി പഞ്ചായത്തിലും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി അണികൾ രംഗത്തുവന്നത്. വർഷങ്ങളായി നേതൃസ്ഥാനങ്ങളിൽ കടിച്ചു തൂങ്ങി കിടക്കുന്നവരാണ് കോൺഗ്രസിനെ നശിപ്പിച്ചതെന്ന് അണികൾ കുറ്റപ്പെടുത്തുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അണികൾ നേതൃത്വത്തെ കടന്നാക്രമിച്ച് രോഷപ്രകടനം നടത്തുന്നത്. സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ പ്രസ്ഥാനത്തെ കുഴിവെട്ടി മൂടിയ എല്ലാ നേതാക്കന്മാരെയും മാറ്റിനിർത്തി പുതിയ നേതൃനിര വരണമെന്നും മുക്കം മണ്ഡലത്തിന് ഒരു ആസ്ഥാനമന്ദിരം നിർമ്മിക്കണമെന്നും അടുത്ത തവണയെങ്കിലും മുക്കം മുനിസിപ്പാലിറ്റി പിടിക്കാൻ പറ്റുന്ന കരുത്തുറ്റ ഒരു നേതൃനിരയെ ചുമതലയേൽപ്പിക്കണമെന്നാണ് അണികൾ ആവശ്യപ്പെടുന്നത്. നാട്ടിലാകെ കോൺഗ്രസിനും യു.ഡി.എഫിനും അനുകൂലമായ കാറ്റ് ആഞ്ഞുവീശിയപ്പോളും നാല് സീറ്റുണ്ടായിരുന്ന മുക്കത്ത് മൂന്നായി കുറഞ്ഞതും തൊട്ടടുത്ത കാരശ്ശേരി പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ടതുമാണ് അണികളെ നിരാശരും രോഷാകുലരുമാക്കിയത്. മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ മത്സരിക്കുകയും മറ്റു സ്ഥാനാർത്ഥികളുടെ വിജയത്തിനു വേണ്ടി ഒന്നും ചെയ്യാതിരുന്നതും അണികളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു.