500ല്‍ അധികം സ്ത്രീകളുമായി ലൈംഗികബന്ധം, കോണ്ടത്തിന്റെ പ്രത്യേക കളക്ഷന്‍; ഭര്‍ത്താവിനോട് 'പകവീട്ടി' യുവതി

Monday 15 December 2025 10:59 PM IST

ടോക്കിയോ: തന്റെ ദുരിതമയമായ ജീവിതാനുഭവങ്ങൾ കോമിക് രൂപത്തിൽ പങ്കുവച്ച് ലോകശ്രദ്ധ നേടി ജപ്പാൻകാരിയായ നെമു കുസാനോ . അമ്മയെന്ന നിലയിലുള്ള തന്റെ പോരാട്ടവും ശക്തിയുമാണ് ചിത്രകഥയിലൂടെ യുവതി വരച്ചുകാട്ടുന്നത്. സുഹൃത്ത് വഴി പരിചയപ്പെട്ട ശാന്തസ്വഭാവമുള്ള നാണംകുണുങ്ങിയെയാണ് നെമു വിവാഹം കഴിച്ചത്. എന്നാൽ വിവാഹശേഷം ജനിച്ച മകന് അപൂർവ രോഗം സ്ഥിരീകരിച്ചതോടെ യുവതിയുടെ ജീവിതം ദുരന്തപൂർണമായി. ഭർത്താവ് ദീർഘനേരം വീട്ടിൽ നിന്ന് മാറിനിന്നതിനാൽ രോഗിയായ മകനെ പരിചരിക്കേണ്ട ചുമതല നെമുവിന് മാത്രമായി.

ആശുപത്രി സന്ദർശനങ്ങളും പരിചരണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഭർത്താവിന്റെ ബാഗിൽ നിന്ന് ഞെട്ടിക്കുന്ന ചില കാര്യങ്ങൾ യുവതി കണ്ടെത്തിയത്. ഗർഭനിരോധന ഉറകളും, ഫോണിൽ നിന്നും അസാധാരണമായ ചില ആപ്പ് അലേർട്ടുകളുമാണ് നെമു കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനകളിൽ ഇയാൾക്ക് 520ഓളം അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നതായി നെമു കണ്ടെത്തുകയായിരുന്നു.

ഇതെല്ലാം കണ്ടിട്ടും ഒന്നും മിണ്ടാതെ മകനെ ശുശ്രൂഷിക്കുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ നെമു തീരുമാനിച്ചു. അതേസമയം ഭർത്താവിന്റെ ലൈംഗികാസക്തിക്ക് ചികിത്സ തേടി അദ്ദേഹത്തെ വൈദ്യപരിശോധനകൾക്കും ചികിത്സയ്ക്കും നെമു വിധേയനാക്കി.

സ്‌കൂൾ കാലം മുതൽ തുടങ്ങിയ ലൈംഗികാസക്തിയാണ് ഭർത്താവിനുള്ളതെന്ന് പരിശോധനയിലൂടെ ഡോക്ടർമാർ കണ്ടെത്തുകയും ചെയ്തു. ഇതറിഞ്ഞപ്പോൾ നെമുവിന്റെ വേദന കുറഞ്ഞില്ലെങ്കിലും ഭർത്താവിന്റെ പ്രവൃത്തികൾ തന്റെ കുഴപ്പം കൊണ്ടല്ല എന്ന തിരിച്ചറിവ് ആശ്വാസം നൽകിയിരുന്നു. മകനുവേണ്ടി അവർ ഭർത്താവുമായി ബന്ധം നിലനിർത്താൻ ശ്രമിക്കുകയും ഒരുമിച്ച് തെറാപ്പി സെക്ഷനുകളിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മനസിലാക്കിയ ദമ്പതികൾ പിന്നീട് ബന്ധം വേർപിരിയാൻ തീരുമാനിച്ചു.

മകനെ ഒറ്റയ്ക്ക് വളർത്തി ജീവിത യാഥാർത്ഥ്യങ്ങളെ ശക്തിയോടെ നേരിടാൻ നെമു തീരുമാനിക്കുകയായിരുന്നു. തന്റെ ദുരിതങ്ങൾ ജാപ്പനീസ് മാംഗ ആർട്ടിസ്റ്റിന്റെ സഹായത്തോടെ കോമിക് രൂപത്തിലേക്ക് മാറ്റി. പിന്നീട് ഈ അനുഭവങ്ങളെല്ലാം ഉൾപ്പെടുത്തി നെമു ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. എല്ലാ വേദനകൾക്കും കഷ്ടപ്പാടുകൾക്കും ശേഷവും തന്റെ കുഞ്ഞിനെ വളർത്താൻ സമയം മുഴുവൻ ചെലവഴിച്ചതിൽ തനിക്ക് ഒട്ടും ഖേദമില്ലെന്ന് അവർ പുസ്തകത്തിൽ കുറിച്ചു.