ഉന്നത വിദ്യാഭ്യാസ നിയന്ത്രണം:ബിൽ ലോക്‌സഭയിൽ
ന്യൂഡൽഹി: യു.ജി.സി, എ.ഐ.സി.ടി.ഇ , എൻ.സി.ടി.ഇ എന്നിവയ്ക്ക് പകരമായി ഹയർ എജ്യൂക്കേഷൻ കൗൺസിൽ ഒഫ് ഇന്ത്യ (എച്ച്.ഇ.സി.ഐ) രൂപീകരിക്കാനുള്ള ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ബിൽ ലോക്‌സഭയിൽ.ഫെഡറൽ വ്യവസ്ഥതിയെ അട്ടിമറിച്ച് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആശയങ്ങളും തത്വചിന്തകളും സംസ്ഥാനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന് ആരോപിച്ച് പ്രതിപക്ഷം എതിർത്തു. ബിൽ ജെ.പി.സിക്കോ സെലക്‌ട് കമ്മിറ്റിക്കോ വിട്ടേക്കും.
നിലവിൽ യു.ജി.സിയാണ് രാജ്യത്തെ സാങ്കേതിക ഇതര സർവകലാശാലകളെ നിയന്ത്രിക്കുന്നത്.എൻജിനീയറിംഗ് ,മാനേജ്‌മെന്റ് കോളേജുകൾ എ.ഐ.സി.ടി.ഇയുടെ നിയന്ത്രണത്തിലാണ്. ടീച്ചർ എജ്യൂക്കേഷൻ സ്ഥാപനങ്ങൾ എൻ.സി.ടി.ഇയുടെ മേൽനോട്ടത്തിലും. ബിൽ നിയമമായാൽ മൂന്ന് സ്ഥാപനങ്ങളുടെയും ചുമതലകൾ എച്ച്.ഇ.സി.ഐ.ഇക്ക് കീഴിലാകും. നിയന്ത്രണം, അംഗീകാരം, പ്രൊഫഷണൽ നിലവാരം തുടങ്ങിയ കാര്യങ്ങൾ എച്ച്.ഇ.സി.ഐ ആയിരിക്കും നിർവ്വഹിക്കുക. മെഡിക്കൽ കോളേജുകളും നിയമ കോളേജുകളും പുതിയ സംവിധാനത്തിന് കീഴിൽ വരില്ല.
സംസ്കാരവും ഭാഷയും അനുബന്ധ വിഷയങ്ങളും പരിഗണിച്ച് വിദ്യാഭ്യാസ നയം രൂപീകരിക്കാനും നടപ്പാക്കാനുമുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് ബില്ലെന്ന് അവതരണത്തെ എതിർത്ത എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. .