തുറന്നടിച്ച് പന്ന്യന്റെ മകൻ: 'ധാന്യമണിയിലും പണക്കിഴിയിലും കുരുങ്ങുന്നവരല്ല സാധാരണക്കാർ' #മഹാരാജാക്കൻമാരുടെ പത്രാസിൽ പാഞ്ഞാൽ കാലം കാത്തുനിൽക്കില്ല
കണ്ണൂർ: തിരഞ്ഞെടുപ്പ് കാലത്തു മാത്രം വിതറി എറിയുന്ന ധാന്യമണികളിലോ പണക്കിഴികളിലോ കുരുങ്ങി കിടക്കുന്നവരല്ല സാധാരണക്കാരെന്ന് സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ്. ഫേസ്ബുക്ക് കുറിപ്പിലാണ് വിമർശനം
ആകാശഗോപുരങ്ങളിൽ അന്തിയുറങ്ങി അധികാരത്തിന്റെ ബീക്കൺ ലൈറ്റിട്ട് അകമ്പടിക്കാരെ കൂട്ടി കുതിച്ചു പായുന്ന മഹാരാജാക്കന്മാർ വാഴുന്ന രാജസദസ്സായി മാറുമ്പോൾ ഉയരുന്ന തേങ്ങലുകൾ തിരിച്ചറിഞ്ഞില്ലെങ്കിൽ കാലം ഇനിയും കാത്തിരിക്കില്ലെന്ന് രൂപേഷ് വിമർശിച്ചു.അതി ദാരിദ്ര്യ നിർമാർജനം അറിയിക്കാനുള്ള ആഘോഷത്തിനായി പൊടിച്ച കോടികൾ കൊണ്ട് വീടില്ലാത്ത കുറച്ച് പേർക്ക് വീട് വെച്ച് കൊടുത്തെങ്കിൽ എന്ന് ഒരു വേള ചിന്തിക്കാത്ത ഒറ്റ മനുഷ്യരും കാണില്ല ഈ കൊച്ചു കേരളത്തിലെന്നും എഴുതി. ചുവപ്പു കൊടി പിടിച്ചതുകൊണ്ടോ ചുവന്ന വസ്ത്രം ധരിച്ചത് കൊണ്ടോ കയ്യൂരും കരിവള്ളൂരും പുന്നപ്രയും വയലാറും കണ്ഠനാളങ്ങളിൽ ഏറ്റു വിളിച്ചതുകൊണ്ടോ ആരും കമ്മ്യൂണിസ്റ്റാകില്ലെന്ന് രൂപേഷ് വ്യക്തമാക്കി. ഭരണത്തിലേറാനായി കമ്മ്യൂണിസ്റ്റാകുന്നവരല്ല യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ. യഥാർത്ഥ കമ്മ്യൂണിസ്റ്റുകളെ ആർക്കും വേണ്ട എന്ന തിരിച്ചറിവുണ്ടെങ്കിലും യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറാനുള്ള ഒരു ടേണിംഗ് പോയിന്റ് ആകട്ടെ ഈ തോൽവി എന്ന് വെറുതെ മോഹിച്ചു പോകുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാതെ സാധാരണക്കാർ നെട്ടോട്ടമോടുമ്പോൾ ഇസ്രയേലും പാലസ്തീനും ട്രംപും പുട്ടിനും ജാതിയും മതവും തുടങ്ങി ലോകത്തെ സകലമാന വിഷയങ്ങളും ചർച്ച ചെയ്താൽ പ്രമാണിമാരുടെയും പ്രമുഖരുടെയും സംസ്‌കാരിക നായകരുടെയും മനസ്സ് നിറയുമെങ്കിലും സാധാരണക്കാരുടെ വയറ് നിറയില്ലെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയണമെന്ന് രൂപേഷ് ആവശ്യപ്പെട്ടു.