ഭക്തരുടെ ദർശനം സുഗമം: എ.ഡി.ജി.പി എസ്. ശ്രീജിത്ത്

Monday 15 December 2025 11:18 PM IST

ശബരിമല: ഭക്തരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ വർദ്ധനവ് ഉണ്ടായെങ്കിലും കൃത്യമായ ക്രമീകരണങ്ങളിലൂടെ എല്ലാവർക്കും സുഗമമായ ദർശനം സാദ്ധ്യമാക്കാൻ കഴിഞ്ഞെന്ന് ശബരിമല ചീഫ് പൊലീസ് കോഡിനേറ്ററായ എ.ഡി.ജി.പി എസ് ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞവർഷം ഈ സമയം 21 ലക്ഷം ഭക്തരാണ് എത്തിയിരുന്നത്. എന്നാൽ ഇത്തവണ അത് 25 ലക്ഷം പിന്നിട്ടിരിക്കുന്നു. ആദ്യ ദിവസങ്ങളിൽ വലിയ തിരക്ക് വന്നെങ്കിലും അത് പരിഹരിക്കാൻ സാധിച്ചു. വെർച്ചൽ ക്യൂ പാസ് അനുവദിച്ചിരിക്കുന്ന ദിവസം തന്നെ ഭക്തർ പലരും എത്താതിരിക്കുന്നതിനാൽ ആണ് ഈ പ്രതിസന്ധി ഉണ്ടായത്. പാസ് അനുസരിച്ച് അതേ ദിവസം തന്നെ ഭക്തർ എത്തിയാൽ എല്ലാവർക്കും ദർശനത്തിന് സമയം ലഭിക്കും. ക്രമം തെറ്റിച്ച് എത്തുന്ന ഭക്തർ അധികൃതരുടെ നിർദ്ദേശം അനുസരിച്ച് കാത്തുനിൽക്കാൻ തയ്യാറാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തവണത്തെ പ്രത്യേകത വാരാന്ത്യ ദിവസങ്ങളിൽ തിരക്ക് കുറയുന്നു എന്നതാണ്. എന്നാൽ പ്രവൃത്തി ദിവസങ്ങളിൽ വലിയ തോതിൽ ഭക്തർ എത്തുകയും ചെയ്യുന്നു. ഡിസംബർ അവസാനവാരത്തോടെ തിരക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദർശനം സുഗമമാക്കാൻ എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.