സിൽവർ ലൈൻ പോയിട്ടും 'മഞ്ഞക്കുറ്റി' കേസുകൾ കുരുക്ക്

Tuesday 16 December 2025 12:00 AM IST

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് സിൽവർലൈനിൽ പ്രതീക്ഷ

വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടും, സ്വകാര്യ ഭൂമിയിലെ കല്ലിടൽ തടഞ്ഞതിനെടുത്ത ആയിരത്തോളം കേസുകൾ പിൻവലിച്ചിട്ടില്ല. മഞ്ഞക്കുറ്റി പിഴുതവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാക്കുറ്റമടക്കം ചുമത്തിയുള്ള കേസുകൾ പിൻവലിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. പക്ഷേ, സർക്കാർ വഴങ്ങിയിട്ടില്ല.

11ജില്ലകളിലായി 250ലേറെ കേസുകളാണുള്ളത്. ജോലിക്കും മറ്റുമായി വിദേശത്തേക്കു പോയ ചിലരുടെ കേസുകൾ പിഴയടച്ച് തീർപ്പാക്കി. 200 പേർക്ക് സമൻസ് ലഭിച്ചിട്ടുണ്ട്. പലേടത്തും കുറ്റപത്രം നൽകാനും നടപടികളെടുക്കുന്നു. വീട്ടുമുറ്റത്ത് മഞ്ഞക്കുറ്റി തടഞ്ഞ കോഴിക്കോട്ടെ മുജീബിനെതിരേ 10 ലക്ഷം രൂപയുടെ സർവേ ഉപകരണം നശിപ്പിച്ചെന്ന ജാമ്യമില്ലാക്കേസാണ്. പൊതുമുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലാവുന്നവർ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിന് തുല്യമായ തുക ജാമ്യത്തിനായി കെട്ടിവയ്ക്കേണ്ടി വരും. കല്ലൊന്നിന് 5000 രൂപ വരെയാണീടാക്കുക. അങ്കമാലിയിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ച അഞ്ചു പേർക്ക് 25,000 രൂപ കെട്ടിവച്ചശേഷമാണ് ജാമ്യം അനുവദിച്ചത്. 10,000 രൂപ വരെ പിഴയടയ്ക്കാൻ നിരവധി പേർക്ക് നോട്ടീസും കിട്ടി.

പിൻവലിക്കുന്നത് വരെ

നടപടികൾ തുടരും

□കേസുകൾ പിൻവലിക്കുന്നത് വരെ, പൊതുമുതൽ നശിപ്പിച്ചതിനെടുത്ത കേസുകളിൽ നിയമ നടപടികൾ തുടരും.

□അറസ്റ്റ്, റിമാൻഡ് നടപടികൾ വേണ്ടെന്നാണ് പൊലീസിനുള്ള നിർദ്ദേശം. എന്നാൽ കേസുള്ളത് ജോലിക്കടക്കം തടസം.

□പൊതുമുതൽ നശിപ്പിച്ചതിനെടുത്ത കേസുകൾ പിൻവലിക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാൽ ഈ വകുപ്പ് ചുമത്തപ്പെട്ടവർ പിഴയടയ്ക്കേണ്ടി വരും.

□കേന്ദ്രാനുമതിയില്ലാത്ത പദ്ധതിക്ക് സർവേയും കല്ലിടിലും എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അനുമതിയില്ലെന്ന് കേന്ദ്രവും അറിയിച്ചിട്ടുള്ളതിനാൽ കേസുകൾ പിൻവലിക്കാം.

□പദ്ധതി പ്രദേശത്തെ ഭൂമിയിൽ നിർമ്മാണങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകുന്നില്ല. പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കും വരെ പുതിയ നിർമ്മാണങ്ങൾക്ക് തടസം.

ഭൂമി ക്രയവിക്രയം മരവിപ്പിച്ചിട്ടില്ലെന്ന് കെ-റെയിൽ പറയുന്നു.

6744

സ്ഥാപിച്ച മഞ്ഞക്കുറ്റികൾ

1.33 കോടി

കല്ലിടലിന് ചെലവ്

51.26 കോടി

സിൽവർലൈനിന് ചെലവ്

29.9 കോടി

സ്വകാര്യ കൺസൾട്ടൻസി ചെലവ്