പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തലയടിച്ചുപൊട്ടിച്ചു

Monday 15 December 2025 11:19 PM IST

തിരുവല്ല : നഗരത്തിലെ കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡിൽ പെൺകുട്ടിക്ക് നേരെ അശ്ലീല പ്രയോഗം നടത്തിയ യുവാവിന്റെ തല പെൺകുട്ടിയുടെ സുഹൃത്ത് അടിച്ചുപൊട്ടിച്ചു. ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ വീട്ടിൽ വിഷ്ണു (27) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10ന് തിരുവല്ല കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. സ്റ്റാൻഡിൽ ബസ് കാത്തുനിന്നിരുന്ന പെൺകുട്ടിയോട് വിഷ്ണു അശ്ലീലം പറഞ്ഞതിനെ തുടർന്ന് പെൺകുട്ടി സുഹൃത്തായ യുവാവിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ യുവാവും വിഷ്ണുവും തമ്മിൽ സ്റ്റാൻഡിന് പുറത്ത് വാക്കേറ്റമായി. ഇതിനിടെ വിഷ്ണു പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന താഴ് അടങ്ങുന്ന ഇരുമ്പ് ചങ്ങല ഉപയോഗിച്ച് പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ മർദ്ദിക്കാൻ ഒരുങ്ങി. ചങ്ങല പിടിച്ചുവാങ്ങിയ യുവാവ് അതേ ചങ്ങല ഉപയോഗിച്ച് യുവാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. വിഷ്ണുവിന്റെ ഇടതു നെറ്റിയിൽ മുറിവേറ്റു. സംഭവം അറിഞ്ഞ് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ എത്തിയിട്ടും രക്തം ഒലിപ്പിച്ചു നിന്നിരുന്ന വിഷ്ണു പെൺകുട്ടിക്കും സുഹൃത്തായ യുവാവിനും നേരെ ഭീഷണിയും അസഭ്യവർഷവും തുടർന്നു. ഇതോടെ സ്ഥലത്തെ ഓട്ടോ ഡ്രൈവർമാർ അടക്കമുള്ളവർ വിഷ്ണുവിന് നേരെ തിരിഞ്ഞു. പിന്നാലെ തിരുവല്ല സ്റ്റേഷനിൽ നിന്നും പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരാതി ഇല്ലാത്തതിനെ തുടർന്ന് ഇവരെ പിന്നീട് വിട്ടയച്ചു.