റാന്നിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

Monday 15 December 2025 11:20 PM IST

റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നിക്ക് സമീപം ഇന്നലെ രാവിലെ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.ഇന്നലെ രാവിലെ പത്തരയോടെ സംസ്ഥാനപാതയിൽ വൈക്കത്തിനും മന്ദിരം പടിക്കും ഇടയിലുള്ള ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന രണ്ട് വാനുകളും ഒരു ഓട്ടോറിക്ഷയും ഒരു ബൈക്കുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റ എട്ടുപേരിൽ കുമരകം പുരക്കൽ ജെറിൻ (28). വയനാട് വയലിൽ സുധീഷ് (45) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവരായ സെന്തിൽ (41, കൂരാഞ്ചേരിൽ, വയനാട്), ജിഷ്ണുപ്രസാദ് (28, പുതുശ്ശേരിമല), സുധീഷ് (39, കൊല്ലംപറമ്പിൽ, മലപ്പുറം), രാജേഷ് (45, തൈപ്പറമ്പിൽ, തൃശ്ശൂർ), അരുൺ (42, കല്ലക്കനാൽ, കൊച്ചി), ശാന്തമ്മ (71) എന്നിവർ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. താടിയെല്ലിനു സാരമായി പരിക്കേറ്റ ശാന്തമ്മയെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കത്ത് നിന്ന് മന്ദിരംപടി ഭാഗത്തേക്ക് പോയ ചരക്കുവാഹനം എതിരെ വന്ന മറ്റൊരു ചരക്ക് വാഹനത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ വാഹനം തെറിച്ച് മുന്നോട്ടുപോവുകയും എതിരെ വന്ന ഓട്ടോറിക്ഷയിലിടിച്ച് മറിയുകയും ചെയ്തു. ഈ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ശാന്തമ്മയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.