പെണ്ണുങ്ങളെ കാഴ്ചവയ്ക്കരുത്; വിവാദ പരാമർശവുമായി സി.പി.എം നേതാവ്
മലപ്പുറം: വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യപുരുഷന്മാരുടെ മുന്നിൽ കാഴ്ചവയ്ക്കരുതെന്ന വിവാദ പരാമർശവുമായി സി.പി.എം മുൻലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്തലവി മജീദ്. മലപ്പുറം തെന്നല പഞ്ചായത്ത് ഒന്നാം വാർഡിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വനിതാലീഗ് പ്രവർത്തകർക്കെതിരെയാണ് പരാമർശം. ഞങ്ങളൊക്കെ മക്കളെക്കൊണ്ട് കല്യാണം കഴിപ്പിച്ചത് ഭർത്താവിന്റെയും മക്കളുടെയും കൂടെ അന്തിയുറങ്ങാനാണ്. കല്യാണം കഴിക്കുമ്പോൾ തറവാട് നോക്കണമെന്ന് പറയുന്നത് ഇതിനൊക്കെ വേണ്ടിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ ഇതിലും വലുത് കേൾക്കേണ്ടി വരും. അതിനൊക്കെയുള്ള ഉളുപ്പ് ഉണ്ടെങ്കിൽ ഇറങ്ങിയാൽ മതി. അല്ലെങ്കിൽ വീട്ടിൽ ഇരുന്നാൽ മതി. താൻ ഈ പറഞ്ഞതിനെതിരെ കേസ് കൊടുക്കുന്നെങ്കിൽ കൊടുത്തോളൂവെന്നും നേരിടാൻ അറിയാമെന്നും വെല്ലുവിളിച്ച സെയ്തലവി, പരാമർശം വിവാദമായതോടെ മാപ്പ് പറഞ്ഞ് രംഗത്തെത്തി. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് നിയന്ത്രണം കിട്ടാതെ പോയതാണെന്നും സ്ത്രീ സമത്വത്തെ എന്നും പിന്തുണയ്ക്കുന്ന ആളാണെന്നും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.