കോഴഞ്ചേരി പാലം : അപ്രോച്ച് റോഡ് ഉടൻ

Monday 15 December 2025 11:22 PM IST

കോഴഞ്ചേരി : ഏഴ് വർഷം മുമ്പ് തുടങ്ങിയ കോഴഞ്ചേരി പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. മാരാമൺ കൺവെൻഷന് മുമ്പ് അപ്രോച്ച് റോഡ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ജനുവരിയിൽ പാലത്തിന്റെ നിർമ്മാണ കാലാവധി അവസാനിക്കും. മഴ പെയ്തതാണ് നിർമ്മാണം നീളാനുള്ള കാരണമായതെന്നാണ് അധികൃതർ പറയുന്നത്. പാലത്തിന്റെ മദ്ധ്യഭാഗത്തായുള്ള സ്ലാബ് വാർക്കുകയാണിപ്പോൾ. പ്രളയസമയത്ത് നിർമ്മാണത്തിലിരുന്ന പാലത്തിന്റെ കുറച്ച് ഭാഗം വെള്ളത്തിൽ വീണുപോയിരുന്നു. ഇത് ക്രെയിനുപയോഗിച്ച് ഉയർത്തി നിർമ്മാണം പുനരാരംഭിച്ചു. പമ്പാനദിയിലെ രണ്ട് സ്പാനുകൾ പൂർത്തിയായിട്ടുണ്ട്. നാല് സ്പാനുകൾ നദിയിലും മൂന്ന് സ്പാനുകൾ കരയിലുമാണ്. കോഴഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് പുതിയ പാലം നിർമ്മാണം ആരംഭിക്കുന്നത്. എന്നാൽ 2018ൽ ആരംഭിച്ച കോഴഞ്ചേരി പാലംപണി 2021ൽ പൂർത്തിയാക്കുമെന്നായിരുന്നു ആദ്യ കരാറിലുണ്ടായിരുന്നത്. ഫണ്ടിനെ ചൊല്ലിയുള്ള തർക്കം ആദ്യ തടസമായി. കരാറുകാരൻ പണി ഉപേക്ഷിച്ചു. പിന്നീട് രണ്ടുതവണ ടെൻഡർ നടത്തിയെങ്കിലും കരാറുകാർ എത്തിയില്ല. വീണ്ടും നാലാമത് ടെൻഡർ ചെയ്ത് പണി ഏറ്റെടുത്തെങ്കിലും അതും റദ്ദായി. സ്ഥലമേറ്റെടുപ്പും എസ്റ്റിമേറ്റ് സംബന്ധിച്ച കൃത്യതയില്ലായ്മയുമാണ് തടസമായത്. ശേഷം പുതിയ കരാറെടുത്തു. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് ഇവർ അറിയിച്ചിരുന്നത്. അതും നടപ്പായില്ല. നിലവിലെ കരാർ ജനുവരിയിൽ അവസാനിക്കും. എന്നാൽ പണി ആ സമയത്തേക്ക് പൂർത്തിയാകില്ല.

മാരാമൺ കൺവെൻഷന് മുമ്പ്

കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററും നെടുംപ്രയാർ ഭാഗത്ത് 344 മീറ്ററും നീളത്തിൽ നിർമ്മിക്കുന്ന അപ്രോച്ച് റോഡുകൾ മാരാമൺ കൺവെൻഷന് മുമ്പായി പൂർത്തീകരിക്കാനാണ് അധികൃതരുടെ ശ്രമം. മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള വഴികൾ നിലനിറുത്തുന്നതിനായി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിന് സമീപം നടവഴികളും ഒരുക്കും.തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് പുതിയ കോഴഞ്ചേരി പാലം നിർമ്മിക്കുന്നത്.

►പദ്ധതി ചെലവ് : 20.58 കോടി രൂപ.

►പാലത്തിന്റെ നീളം : 207.2 മീറ്റർ,

വീതി : 12 മീറ്റർ.